
ന്യൂഡൽഹി: സിജെപിക്ക് യുഎസ് ദാതാക്കളിൽ നിന്നാണ് ഫണ്ടിംഗ് ലഭിക്കുന്നതെന്നും അവർ വിചാരിച്ച കാര്യം നടക്കാതെ വരുമ്പോൾ ദിപ്കെയെ "ഉപേക്ഷിക്കും" എന്നും അമേരിക്കൻ ഗായികയും ഹോളിവുഡ് നടിയുമായ മേരി മിൽബൻ. എന്നാൽ, വിദേശ പൗരന്മാർക്ക് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻആരാണ് അവകാശം നൽകിയത് എന്നായിരുന്നു അഭിജിത് ദിപ്കെ മറുപടി പറഞ്ഞത്.
"ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻആരാണ് അവകാശം നൽകിയത്? ഞങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഞങ്ങൾക്ക് കഴിവുണ്ട്. നമ്മുടെ രാജ്യത്തിന്റെ കാര്യങ്ങളിൽ പുറത്തുനിന്നുള്ളവരുടെ ഇടപെടൽ ആവശ്യമില്ല," മിൽബന് മറുപടിയായി ദിപ്കെ പറഞ്ഞു. എന്നാൽ, കഴിഞ്ഞ 25 വർഷമായി "150 കോടി വരുന്ന ഇന്ത്യൻ ജനതയുടെ" പിന്തുണയുള്ള പ്രധാനമന്ത്രിക്ക് അമേരിക്കൻ സഹായത്തിന്റെ ആവശ്യമില്ലെന്ന് മിൽബൻ ദിപ്കെയ്ക്ക് മറുപടി നൽകി.
സിജെപിക്ക് യു.എസിലെ "ദാതാക്കളിൽ നിന്നാണ് ഫണ്ട് ലഭിക്കുന്നത്" എന്ന് മേരി മിൽബൻ എക്സിലെ പോസ്റ്റിലൂടെയാണ് ആരോപണമുന്നയിച്ചത്. ദിപ്കെ സ്ഥാപിച്ച പാർട്ടിയുടെ "വിനാശകരമായ പ്രവർത്തനങ്ങൾക്കെതിരെ" സമാധാനപരമായി പ്രതിഷേധിക്കാൻ ഇന്ത്യയിലെ എല്ലാ "യുവ ദേശസ്നേഹികളോടും" ആഹ്വാനം ചെയ്യുകയും ചെയ്തു. മറുപടിയായി ദിപ്കെ, മിൽബനെതിരെ തിരിച്ചടിക്കുകയും സ്വന്തം നാട്ടുകാരെ അധിക്ഷേപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തിനാണ് അമേരിക്കക്കാരുടെ സഹായം തേടുന്നതെന്ന് ചോദിക്കുകയും ചെയ്തു.
"പ്രധാനമന്ത്രിക്ക് അമേരിക്കയുടെ സഹായം ആവശ്യമില്ല. കഴിഞ്ഞ 25 വർഷമായി, അതായത് 12 വർഷം പ്രധാനമന്ത്രിയായി തുടർച്ചയായി മൂന്ന് തവണ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന 150 കോടി വരുന്ന ഇന്ത്യൻ ജനത അദ്ദേഹത്തോടൊപ്പമുണ്ട്. 2029-ലും അത് ആവർത്തിക്കും. അതാണ് യാഥാർത്ഥ്യം," മിൽബൻ പറഞ്ഞു. "അരാജകത്വം ഒരിക്കലും ജയിക്കാത്തതുകൊണ്ട് നിങ്ങൾക്ക് വിജയിക്കാൻ സാധിക്കില്ല. അതിനുപകരം, നിങ്ങളുടെ അമേരിക്കൻ വിദ്യാഭ്യാസവും കഴിവുകളും നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കൂ," എന്ന് പറഞ്ഞ മിൽബൻ, "പ്രധാനമന്ത്രി മോദിയോടൊപ്പം ഇരുന്ന് ഇന്ത്യയെ മുന്നോട്ട് നയിക്കാൻ പോസിറ്റീവായ ശബ്ദമാകാൻ" അദ്ദേഹത്തോട് അഭ്യർത്ഥിച്ചു,
നേരത്തെ, 41-കാരിയായ ഗായിക, ദിപ്കെയും അദ്ദേഹത്തിന്റെ പാർട്ടിയും "പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴിലുള്ള നിങ്ങളുടെ ഭാവിക്കും എതിരായ യു.എസിലെ ദാതാക്കളാൽ ഫണ്ട് ചെയ്യപ്പെടുന്നവരാണ്" എന്ന് പറഞ്ഞിരുന്നു. ഇത് "മൗനം പാലിക്കേണ്ട സമയമല്ല" എന്ന് പറഞ്ഞ അവർ, "ഇന്ത്യയിലെ എല്ലാ യുവ ദേശസ്നേഹികളോടും" ഉണർന്നുപ്രവർത്തിക്കാനും ഇത്തരം വിനാശകരമായ ശക്തികൾക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കാനും ആവശ്യപ്പെട്ടു.
"ഭയപ്പെടേണ്ട, എന്റെ യുവ ദേശസ്നേഹികളെ. 25 വർഷമായി ഇന്ത്യയെ സേവിക്കുന്ന, 12 വർഷമായി പ്രധാനമന്ത്രിയായി തുടർച്ചയായി മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ട നിങ്ങളുടെ പ്രധാനമന്ത്രി എന്റെ രാജ്യത്തുനിന്നുള്ള വിനാശകരമായ ശക്തികൾക്ക് മുന്നിൽ തലകുനിക്കില്ല," പോസ്റ്റിൽ കുറിച്ചു.
"ഈ തെരഞ്ഞെടുക്കപ്പെട്ട ദാതാക്കൾക്ക് ലോകമെമ്പാടും ഒരേ രീതിയാണുള്ളത് - യാഥാസ്ഥിതിക ആഗോള നേതാക്കളെ ലക്ഷ്യമിടുക, ആ രാജ്യത്ത് നിന്ന് അമേരിക്കയിൽ പഠിച്ച ഒരാളെ കണ്ടെത്തുക, അവരെ തീവ്രവാദ ചിന്താഗതിക്കാരാക്കുക, തിരികെ സ്വന്തം രാജ്യത്തേക്ക് അയച്ച് അരാജകത്വവും നാശവും സൃഷ്ടിക്കാൻ ഫണ്ട് നൽകുക. ഇവരാരും ഇതുവരെ വിജയിച്ചിട്ടില്ലെങ്കിലും രാജ്യത്തിന്റെ വികസനത്തെയും ഭരണത്തെയും ബാധിച്ചിട്ടുണ്ട്," അവർ പറഞ്ഞു.
ഇന്ത്യൻ ദേശീയ ഗാനവും 'ഓം ജയ് ജഗദീഷ് ഹരേ' എന്ന ഭക്തിഗാനവും ആലപിച്ച് ഇന്ത്യക്കാർക്ക് സുപരിചിതയായ ആഫ്രിക്കൻ-അമേരിക്കൻ ഹോളിവുഡ് നടിയും ഗായികയുമാണ് മേരി മിൽബൻ. 2023-ൽ പ്രധാനമന്ത്രിയുടെ യു.എസ് സന്ദർശന വേളയിൽ നടന്ന ചടങ്ങിൽ മിൽബൻ ഇന്ത്യയുടെ ദേശീയ ഗാനമായ 'ജനഗണ മന' ആലപിച്ചിരുന്നു.







Comments