
ന്യൂഡൽഹി: ഒക്ടോബർ 12-ന് സുപ്രീം കോടതിയിലേക്ക് നടത്തിയ മാർച്ചിന്റെ പേരിൽ രാഹുൽ ഗാന്ധിക്കും മറ്റ് പ്രതിപക്ഷ നേതാക്കൾക്കുമെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെ, തങ്ങൾ " ദന്തഗോപുരങ്ങളിലല്ല ജീവിക്കുന്നത്" (യാഥാർത്ഥ്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നവരല്ല) എന്ന് സുപ്രീം കോടതി ബുധനാഴ്ച വ്യക്തമാക്കി.
സമാനമായ ആവശ്യങ്ങൾ ഉന്നയിച്ചുള്ള രണ്ട് ഹർജികളിൽ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചു. കോടതികൾക്ക് സമീപമുള്ള പ്രതിഷേധങ്ങളും പ്രകടനങ്ങളും നിയന്ത്രിക്കണമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് എം പി മഹുവ മൊയ്ത്ര എന്നിവരുൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്നുമാണ് ഹർജികളിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷനുമായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറുമായും ബന്ധപ്പെട്ട വിഷയങ്ങൾ ഉന്നയിച്ച് ഒക്ടോബർ 12-ന് രാഷ്ട്രീയ നേതാക്കളും അനുഭാവികളും സുപ്രീം കോടതിയിലേക്ക് നടത്തിയ മാർച്ചിനെ തുടർന്നാണ് ഹർജികൾ ഫയൽ ചെയ്തത്.
വാദത്തിനിടെ, സുപ്രീം കോടതിക്ക് ഒരു രാഷ്ട്രീയ പ്രകടനത്തെ നേരിടേണ്ടി വന്നത് അംഗീകരിക്കാനാകില്ലെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗൗരവ് ഭാട്ടിയ പറഞ്ഞു. കോടതിയിൽ നടന്നത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്നും സംഭവത്തിൽ അഭിഭാഷകർക്കിടയിലുള്ള അമർഷത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
ഇത്തരം പെരുമാറ്റങ്ങൾ കോടതിയെ "ഭയപ്പെടുത്തുന്നതിന്" തുല്യമാണെന്ന് കാണിച്ച് ആശങ്ക പ്രകടിപ്പിച്ച് 200 ഓളം അഭിഭാഷകർ നിവേദനത്തിൽ ഒപ്പുവെച്ചിട്ടുണ്ടെന്ന് ഭാട്ടിയ കോടതിയെ അറിയിച്ചു. "ആർക്കും ഞങ്ങളെ ഭയപ്പെടുത്താൻ കഴിയില്ല," എന്ന് ചീഫ് ജസ്റ്റിസ് മറുപടി നൽകി. എന്നാൽ അങ്ങനെ ചെയ്യാനുള്ള ശ്രമം തന്നെ ആശങ്കാജനകമാണെന്ന് ഭാട്ടിയ ബോധിപ്പിച്ചു. മാർച്ചിനിടെ ഗർഭിണിയായ ഒരു വനിതാ മാധ്യമപ്രവർത്തക തള്ളിയിടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയ ഭാട്ടിയ, കോടതിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
വാദം കേട്ട ചീഫ് ജസ്റ്റിസ്, ഇത്തരം ശ്രമങ്ങൾ "ദുർബലമാണ്" എന്നും ആരും അവ ശ്രദ്ധിക്കാറില്ലെന്നും പറഞ്ഞു. കോടതി വളപ്പിന് പുറത്ത് നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് തങ്ങൾക്ക് ധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞങ്ങൾ ദന്തഗോപുരങ്ങളിലല്ല ജീവിക്കുന്നത്. പുറത്ത് അവർ എന്തൊക്കെ പ്രസ്താവനകൾ നടത്തുന്നുണ്ടെന്നും കോടതിയിൽ എന്താണ് പറയുന്നതെന്നും ഞങ്ങൾക്ക് അറിയാം. ഞങ്ങൾക്ക് എല്ലാം അറിയാം," ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഒക്ടോബർ 12-ലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് ശേഖരിച്ച സി.സി.ടി.വി അല്ലെങ്കിൽ മറ്റ് ഡിജിറ്റൽ ദൃശ്യങ്ങളും വസ്തുക്കളും സംരക്ഷിക്കാൻ എല്ലാ ക്രമസമാധാന ഏജൻസികൾക്കും കോടതി നിർദ്ദേശം നൽകി.

.jpg&w=256&q=75)





Comments