
തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് കുരുക്ക് മുറുകുന്നു. കേസിൽ ചോദ്യം ചെയ്യലിനു ഹാജരാവാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു. അടുത്ത വെള്ളിയാഴ്ച കൊച്ചി ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് സമൻസ്.
സിഎംആർഎൽ-എക്സാലോജിക് മാസപ്പടി, കുഴൽപ്പണ കേസുകളിൽ പിണറായി വിജയൻ, വീണ ടി, മുൻ മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവരെ പ്രതി ചേർത്ത് വിജിലൻസ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇ ഡി സമൻസ് അയച്ചത്. കള്ളപ്പണം വെളുപ്പിക്കല് തടയല് പ്രകാരം ഇ ഡിക്ക് നേരിട്ട് അന്വേഷണം നടത്തണമെങ്കില് അഴിമതി നിരോധന നിയമപ്രകാരം സംസ്ഥാന ഏജന്സി കേസ് രജിസ്റ്റര് ചെയ്യേണ്ടതുണ്ടായിരുന്നു. വിജിലന്സിന്റെ രണ്ട് എഫ്ഐആറുകളിലൂടെ ഇ ഡിക്ക് മുന്നിലുണ്ടായിരുന്ന ഈ നിയമതടസ്സം മാറിയിരുന്നു.
വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസിന് നൽകാത്ത സേവനത്തിന് സിഎംആർഎൽ 3.28 കോടി രൂപ നൽകിയത് കൈക്കൂലിയാണെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. കുഴൽപ്പണ കേസിൽ പി എ മുഹമ്മദ് റിയാസ് ഒന്നാം പ്രതിയും വീണ ടി രണ്ടാം പ്രതിയുമാണ്. മാസപ്പടിയായി ലഭിച്ച പണം ഷെൽ കമ്പനികൾ വഴി വിദേശത്തേക്ക് കടത്തിയെന്നാണ് പ്രധാന ആരോപണം.
ഇഡി നൽകിയ കത്തിൽ മതിയായ തെളിവുകളില്ല എന്ന് ചൂണ്ടിക്കാട്ടി കേസെടുക്കാനുള്ള സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ പിണറായി ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ സമീപിച്ചിരുന്നു. എന്നാൽ, സിംഗിൾ ബഞ്ച് ഉത്തരവ് കോടതി ശരിവയ്ക്കുകയായിരുന്നു. തുടർന്ന് പിണറായിയും മുഹമ്മദ് റിയാസും സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഹർജി പരിഗണിക്കാൻ പ്രത്യേക ബഞ്ച് രൂപീകരിക്കുമെന്ന സൂചനയാണ് സുപ്രീംകോടതി നൽകിയിരിക്കുന്നത്. കേസ് ഒക്ടോബർ 26നോ 27 നോ പരിഗണിച്ചേക്കും.







Comments