
ഇന്തോനേഷ്യയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബാലിയിൽ ഇന്ധനക്ഷാമം രൂക്ഷമായതോടെ യാത്രാദുരിതം പങ്കുവെച്ച് ഇന്ത്യൻ സഞ്ചാരി. ബാലിയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെ ഇന്ധനക്ഷാമത്തെ തുടർന്നുണ്ടായ ഗതാഗതക്കുരുക്കിൽപ്പെട്ട് വിമാനം ഏതാണ്ട് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായെന്ന് സുഷീൽ ജെയിൻ പറഞ്ഞു. തന്റെ യാത്ര ഒരു പേടിസ്വപ്നമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ബാലിയിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയിടുന്നവർ നിലവിലെ സാഹചര്യം കണക്കിലെടുത്ത് മുൻകരുതലുകൾ സ്വീകരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് സുഷീൽ ജെയിൻ തന്റെ ദുരനുഭവം വിവരിച്ചത്. ഇന്ധനം നിറയ്ക്കാനായി പെട്രോൾ പമ്പുകൾക്ക് മുന്നിൽ കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും നീണ്ട നിരയാണ് ദൃശ്യമാകുന്നത്. ഇന്ധനം ലഭിക്കാനായി മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവരുന്ന സാഹചര്യം ഗതാഗതക്കുരുക്കിനും കാരണമായി. ഇതോടെ ദ്വീപിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങൾ കുടുങ്ങുകയും യാത്രക്കാർക്ക് സമയത്ത് ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ കഴിയാത്ത അവസ്ഥയുണ്ടാകുകയും ചെയ്തു.
ബാലിയിൽ ഇപ്പോൾ ഇന്ധനക്ഷാമം നിലനിൽക്കുന്നുണ്ടെന്നും അടുത്ത ദിവസങ്ങളിലും ഈ സാഹചര്യം തുടരുമോയെന്ന് വ്യക്തമല്ലെന്നും സുഷീൽ ജെയിൻ വിഡിയോയിൽ പറഞ്ഞു. വരും ദിവസങ്ങളിൽ ബാലിയിലേക്ക് യാത്ര ചെയ്യുന്നവർ യാത്രാപദ്ധതികൾ തയ്യാറാക്കുമ്പോൾ ഇന്ധനക്ഷാമവും ഗതാഗതക്കുരുക്കും പരിഗണിക്കണം. അല്ലാത്തപക്ഷം യാത്രയ്ക്കിടെ പ്രതിസന്ധികളിൽ അകപ്പെടാനും പ്രധാനപ്പെട്ട യാത്രകൾ മുടങ്ങാനും സാധ്യതയുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇന്ധനക്ഷാമത്തെക്കുറിച്ചുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം ശ്രദ്ധ നേടുകയും ചെയ്തു.
അതേസമയം, ഇന്ധനവിതരണത്തിലുണ്ടായ തടസ്സങ്ങളാണ് ബാലിയിലെ പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതർ വ്യക്തമാക്കി. സാങ്കേതിക പ്രശ്നങ്ങൾ, മോശം കാലാവസ്ഥ, വർധിച്ച ആവശ്യം എന്നിവയെ തുടർന്നാണ് ഇന്ധനവിതരണം വൈകിയത്. ആവശ്യത്തിന് ഇന്ധനമില്ലാത്തതല്ല, വിതരണത്തിലെ പ്രശ്നങ്ങളാണ് ക്ഷാമത്തിന് കാരണമെന്നും അധികൃതർ വിശദീകരിച്ചു. വൈകിയെത്തിയ ഇന്ധന ടാങ്കർ എത്തിയതായും വിതരണം വേഗത്തിലാക്കാൻ നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ഇന്ധനവിതരണം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അവർ വ്യക്തമാക്കി.







Comments