
ജയിലര് 2 വില് മോഹന്ലാല് അഭിനയിച്ച ഭാഗങ്ങള് വെട്ടിക്കുറച്ചതില് അതൃപ്തി പ്രകടിച്ച സംഭവത്തില് വിശദീകരണവുമായി കോസ്റ്റിയൂം ഡിസൈനര് ജിഷാദ് ഷംസുദ്ദീന്. മോഹന്ലാലിന്റെ കടുത്ത ആരാധകനായതുകൊണ്ടാണ് വൈകാരികമായി പ്രതികരിച്ചതെന്നും മോഹന്ലാലിന്റെ സീനുകള് വെട്ടിക്കുറച്ചതില് വിഷമം തോന്നിയെന്നും ജിഷാദ് സമൂഹമാധ്യമങ്ങളില് കുറിച്ചു. അതേസമയം ചലച്ചിത്ര പ്രവര്ത്തകരുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നുവെന്നും ജിഷാദ് വ്യക്തമാക്കി.
‘ഇന്നലെ ഞാന് പങ്കുവെച്ച കാര്യങ്ങള് ലാലേട്ടന്റെ ഒരു കടുത്ത ആരാധകനെന്ന നിലയില് എന്റെ ഹൃദയത്തില് നിന്ന് വന്നതാണ്. അദ്ദേഹത്തെ വളരെയധികം ആരാധിക്കുന്ന ഒരാളെന്ന നിലയില് സിനിമയില് അദ്ദേഹത്തിന്റെ ഭാഗങ്ങള് വെട്ടിക്കുറച്ചത് കാണുമ്പോള് സ്വാഭാവികമായും വിഷമം തോന്നി.
അതേസമയം ഈ മേഖലയില പ്രവര്ത്തിക്കുന്ന ഒരു സാങ്കേതിക പ്രവര്ത്തകന് എന്ന നിലയില് സിനിമയുടെ നിര്മാണ പ്രക്രിയയെയും ചലച്ചിത്ര പ്രവര്ത്തകരുടെ സ്വാതന്ത്ര്യത്തെയും ഞാന് പൂര്ണമായും മാനിക്കുന്നു. നന്ദി, ഒപ്പം സ്നേഹവും അറിയിക്കുന്നു’ -ജിഷാദ് ഷംസുദ്ദീന്റെ വാക്കുകള്.
ജയിലര് 2 സിനിമ റിലീസായതിന് പിന്നാലെയാണ് കോസ്റ്റിയൂം ഡിസൈനര് ജിഷാദ് ഷംസുദ്ദീന്റെ പ്രതികരണമുണ്ടായത്. മോഹന്ലാലിന്റെ പല സീനുകളും സിനിമയില് നിന്ന് പൂര്ണമായും വെട്ടിമാറ്റിയതിലുളള നിരാശ പങ്കുവെച്ചത്. ഒരു സൂപ്പര്സ്റ്റാറിനോട് കാണിച്ച അനാദരവാണിതെന്നും ജയിലറിന് അടുത്ത ഭാഗം ഉണ്ടായാല് താന് ഭാഗമാകില്ലെന്നും ജിഷാദ് പറഞ്ഞിരുന്നു.







Comments