
അന്തരിച്ച സംഗീത സംവിധായകന് ദേവയെ അനുസ്മരിച്ച് ഗായിക സുജാത മോഹന്. ദേവ സര് ഇനി നമ്മോടൊപ്പമില്ല എന്ന വാര്ത്ത വളരെ വേദനാജനകമാണെന്ന് സുജാത കുറിച്ചു. മികച്ച സംഗീത സംവിധായകന് എന്നതിനൊപ്പം അദ്ദേഹം നല്ലൊരു മനുഷ്യനും കൂടിയായിരുന്നുവെന്ന് ഗായിക കൂട്ടിച്ചേര്ത്തു.
സുജാതയുടെ വാക്കുകളിലേക്ക്:
നമ്മുടെ പ്രിയപ്പെട്ട ദേവ സര് ഇനി നമ്മോടൊപ്പമില്ല എന്ന വാര്ത്ത അങ്ങേയറ്റം വേദനിപ്പിക്കുന്നു. ദേവ സര്, താങ്കള് മികച്ച സംഗീതജ്ഞന് മാത്രമല്ല, അതിലുപരി ഒരു ഉത്തമ മനുഷ്യനുമായിരുന്നു. മികച്ച നര്മബോധമുണ്ടായിരുന്ന താങ്കള് റിക്കാര്ഡിങ് സെഷനുകളില് ഞങ്ങളെ എല്ലാവരെയും ചിരിപ്പിച്ചു.
ഓരോ ഗായകനെയും സംഗീതജ്ഞനെയും താങ്കള് ആദരിച്ചിരുന്നു. ഒരു പുതുമുഖത്തിന് പോലും താങ്കളുടെ മൈക്കിന് മുന്നില് നില്ക്കുമ്പോള് സ്വന്തം വീട്ടിലെന്നപോലെ ആശ്വാസം അനുഭവപ്പെടാറുണ്ടായിരുന്നു. അത്രയും സ്നേഹനിര്ഭരമായ പെരുമാറ്റം അപൂര്വമാണ്.
താങ്കള് നല്കിയ ഓരോ ഈണത്തിനും ഒരോ നന്മയ്ക്കും ഓരോ പുഞ്ചിരിക്കും നന്ദി. താങ്കളുടെ പാട്ടുകള് ഞങ്ങളുടെ ഹൃദയങ്ങളില് എന്നും നിലനില്ക്കും അതോടൊപ്പം താങ്കളും.
ശ്രീകാന്തിനും കുടുംബാംഗങ്ങള്ക്കും വേണ്ടി ഞാന് പ്രാര്ഥിക്കുന്നു. ഈ തീരാനഷ്ടം താങ്ങാനുളള ശക്തിയും ധൈര്യവും ദൈവം നിങ്ങള്ക്ക് നല്കട്ടെ. ആദരാഞ്ജലികള്. പ്രിയപ്പെട്ട ദേവ സര്, അനന്തമായ സ്നേഹത്തോടും വാത്സല്യത്തോടും ആദരവോടും കൂടി ഞങ്ങള് താങ്കളെ എപ്പോഴും ഓര്മിക്കും.
ഇന്ന് രാവിലെയാണ് സംഗീത സംവിധായകന് ദേവ അന്തരിച്ചത്. 76 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്ന്ന് ചികിത്സയിലിരിക്കെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി ഭാഷകളില് 400 ലേറെ സിനിമകള്ക്ക് സംഗീതം പകര്ന്നിട്ടുണ്ട്.







Comments