
പ്രണയിച്ച യുവതിയെ നേരിൽ കാണാനും ഒരുമിച്ച് പുതിയ ജീവിതം തുടങ്ങാനുമായി തന്റെ സമ്പാദ്യമെല്ലാം വിറ്റ് 1,900 കിലോമീറ്ററിലധികം യാത്ര ചെയ്ത ബ്രസീലിയൻ യുവാവിന് ഒടുവിൽ ലഭിച്ചത് വലിയ നിരാശ. വിവാഹം കഴിക്കുമെന്ന് പ്രതീക്ഷിച്ച യുവതി യഥാർഥ വ്യക്തിയല്ലെന്നും നിർമിതബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ച കഥാപാത്രമാണെന്നും തിരിച്ചറിഞ്ഞതോടെയാണ് 49-കാരനായ എഡിമർ മാർട്ടിൻസിന്റെ സ്വപ്നങ്ങൾ തകർന്നത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയെ കാണാനായി നടത്തിയ യാത്രയുടെ കഥയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ബ്രസീലിലെ മരാൻഹാവോ സ്വദേശിയായ മാർട്ടിൻസ് 2020-ലാണ് ജെസീക്ക ഒലിവെയ്റ എന്ന പേരിലുള്ള സമൂഹമാധ്യമ അക്കൗണ്ട് ശ്രദ്ധിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ കൃഷിയിടത്തിൽ കഴിയുന്ന യുവതിയുടെ ദൃശ്യങ്ങളായിരുന്നു അക്കൗണ്ടിൽ പങ്കുവെച്ചിരുന്നത്. തന്നെ വിവാഹം കഴിക്കുന്ന പുരുഷന് താമസിക്കാൻ വീടും സാമ്പത്തിക സഹായവും നൽകാമെന്ന തരത്തിലുള്ള വാഗ്ദാനങ്ങളും അക്കൗണ്ടിലൂടെ പ്രചരിച്ചിരുന്നു. അമ്മയുടെ മരണശേഷം ഏകാന്തത അനുഭവിച്ചിരുന്ന മാർട്ടിൻസ്, ഈ യുവതിയിലൂടെ പുതിയൊരു ജീവിതം തുടങ്ങാമെന്ന് പ്രതീക്ഷിച്ചു. ഒടുവിൽ അവളെ നേരിൽ കാണാൻ തീരുമാനിക്കുകയും യാത്രയ്ക്കുള്ള പണം കണ്ടെത്താൻ തന്റെ കൈവശമുണ്ടായിരുന്ന സാധനങ്ങളെല്ലാം വിൽക്കുകയും ചെയ്തു.
ഒക്ടോബർ ഒമ്പതിനാണ് മാർട്ടിൻസ് യാത്രയ്ക്കായി സാധനങ്ങൾ വിറ്റത്. ഒരു ദിവസത്തിലധികം ബസിൽ യാത്ര ചെയ്ത് ഒക്ടോബർ 11-ന് ബ്രസീലിലെ ബെലോ ഹൊറിസോണ്ടെയിലെത്തി. യുവതിയുടെ ചിത്രങ്ങളുമായി നഗരത്തിൽ അവളെ അന്വേഷിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല. തുടർന്ന് ഒരു പ്രാദേശിക റേഡിയോ സ്റ്റേഷനിലെത്തിയപ്പോഴാണ് ജെസീക്ക യഥാർഥ വ്യക്തിയല്ലെന്നും അക്കൗണ്ട് വ്യാജമാണെന്നും അറിയുന്നത്. പിന്നീട് അക്കൗണ്ടിന് പിന്നിലുള്ളയാൾ യുവതി എഐ ഉപയോഗിച്ച് സൃഷ്ടിച്ച കഥാപാത്രമാണെന്ന് സ്ഥിരീകരിക്കുകയും മാർട്ടിൻസുമായി നേരിട്ട് സംസാരിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. പണമെല്ലാം യാത്രയ്ക്കായി ചെലവഴിച്ചതോടെ നഗരത്തിൽ കുടുങ്ങിയ മാർട്ടിൻസിന് ഭക്ഷണവും മടങ്ങിപ്പോകാനുള്ള ബസ് ടിക്കറ്റും ഉൾപ്പെടെയുള്ള സഹായങ്ങൾ അധികൃതർ നൽകി.
ഈ അനുഭവം വലിയ നിരാശയും സങ്കടവും സമ്മാനിച്ചെങ്കിലും യഥാർഥ പ്രണയം കണ്ടെത്തുമെന്ന പ്രതീക്ഷ മാർട്ടിൻസ് കൈവിട്ടിട്ടില്ല. നിലവിൽ ബന്ധുവിനൊപ്പമാണ് അദ്ദേഹം കഴിയുന്നത്. ഇഷ്ടപ്പെട്ട ഒരാളെ കണ്ടെത്തി ജീവിതം തുടങ്ങണമെന്ന ആഗ്രഹം ഇപ്പോഴും മനസിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകൾക്ക് പിന്നിലെ യാഥാർഥ്യം തിരിച്ചറിയാതെ വിശ്വസിക്കുന്നത് എത്രത്തോളം വലിയ തിരിച്ചടിയാകാമെന്നതും ഈ സംഭവം ചർച്ചയാക്കുന്നു.







Comments