
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ആന്ധ്രാപ്രദേശ് സ്വദേശിയായ പെണ്‍കുട്ടിയെ വിലയ്ക്കു വാങ്ങി കോവളത്തെ സ്പായിലെത്തിച്ചു പീഡിപ്പിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ബെനാമി ഇടപാടാണ് ഈ സ്പായെന്നു പോലീസിനു നിര്‍ണായക വിവരം ലഭിച്ചു.
സംഭവത്തില്‍ പൂവാര്‍ സ്വദേശി നിശാന്ത് (46), മാവേലിക്കര സ്വദേശി സജിത് കുമാര്‍ (47) എന്നിവരെ കോവളം പോലീസ് അറസ്റ്റ് ചെയ്തു. നിശാന്തിനു പിന്നില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണെന്നാണു സൂചന. നിശാന്തിന്റെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കി. അപ്പോഴാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ആന്ധ്ര സ്വദേശിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മരണപ്പെട്ടതാണ്. കുട്ടിയുടെ സംരക്ഷണച്ചുമതല മാതൃസഹോദരിക്കും ഭര്‍ത്താവിനുമായിരുന്നു. അവരാണ് കുട്ടിയെ കേരളത്തിലെത്തിച്ചു വന്‍ ചതിക്കുഴിയില്‍ വീഴ്ത്തിയത്. പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായതായി വരുത്തിത്തീര്‍ക്കാന്‍ ഇവര്‍ വ്യാജ രേഖകള്‍ ചമച്ചു. 20 വയസുണ്ടെന്ന് കാണിക്കുന്ന ആധാര്‍ കാര്‍ഡും പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്നു.
പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഇതു വ്യാജമാണെന്നും കുട്ടിക്ക് 16 വയസ് മാത്രമാണ് പ്രായമെന്നും സ്‌കൂള്‍ രേഖകള്‍ വഴി കണ്ടെത്തി. ഗൂഢാലോചനയ്ക്കുശേഷം ആന്ധ്രയിലേക്കു മടങ്ങിയ കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലൈ മുതല്‍ കോവളത്തിനു സമീപമുള്ള വിവിധ സ്പാകളില്‍ കുട്ടി ജോലിക്കായി നിയോഗിക്കപ്പെട്ടിരുന്നു.
ഇതിനിടെയാണ് വിവിധ ഇടങ്ങളില്‍വച്ച് കുട്ടി ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയായത്. തുടര്‍ന്നു സ്പായില്‍ ജോലി ചെയ്തിരുന്ന ഒരു യുവാവുമായി കുട്ടി അടുപ്പത്തിലാകുകയും ഇയാളോടൊപ്പം സ്ഥാപനത്തില്‍നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നുണ്ടായ അന്വേഷണങ്ങളും തുടര്‍നടപടികളുമാണ് ഞെട്ടിക്കുന്ന ക്രൂരത പുറത്തുവരാന്‍ കാരണമായത്.
മിസിങ് പരാതി അന്വേഷിക്കുന്നതിനിടെയാണ് കുട്ടിയുടെ പ്രായത്തെക്കുറിച്ചുള്ള സത്യം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. താന്‍ നേരിട്ട പീഡനവിവരങ്ങള്‍ തുടര്‍ന്നു നടന്ന കൗണ്‍സിലിങ്ങില്‍ കുട്ടി പോലീസിനോടു വെളിപ്പെടുത്തി.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി സ്പാ കേന്ദ്രങ്ങളില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആകെ 821 സ്ഥാപനങ്ങളാണ് പരിശോധിച്ചത്. ഇതില്‍ 586 സ്പാകളെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി.
ചട്ടങ്ങള്‍ ലംഘിച്ചു പ്രവര്‍ത്തിച്ച 44 സ്ഥാപനങ്ങള്‍ക്കു നോട്ടീസ് നല്‍കുകയും അനധികൃത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട അഞ്ചു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.







Comments