
ഗുജറാത്തിലെ ജൂനഗഢിൽ ആശ്രമത്തിന് പുറത്തുനിന്ന നായയെ പുള്ളിപ്പുലി കടിച്ചെടുത്ത് കാട്ടിലേക്ക് കടന്നു. ആളുകൾ ഏതാനും മീറ്റർ മാത്രം അകലെയിരുന്നപ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം. ഗിർനാർ വനത്തിന് സമീപമുള്ള പ്രേരണധാം ആശ്രമത്തിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം ശ്രദ്ധ നേടുകയാണ്.
ആശ്രമത്തിന്റെ പ്രവേശന കവാടത്തിനടുത്തുള്ള ഓഫീസിന് സമീപം നായ നിൽക്കുന്നതിനിടെയാണ് പുള്ളിപ്പുലി എത്തിയത്. പെട്ടെന്ന് നായയുടെ കഴുത്തിൽ കടിച്ചുപിടിച്ച പുള്ളിപ്പുലി അതിനെ വലിച്ചെടുത്ത് സമീപത്തെ വനത്തിലേക്ക് ഓടിപ്പോകുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ നടന്ന സംഭവത്തിൽ നായയ്ക്ക് രക്ഷപ്പെടാൻ അവസരം ലഭിച്ചില്ല.
ആക്രമണം നടക്കുമ്പോൾ സമീപത്തെ ബെഞ്ചിൽ മൂന്ന് പേർ ഇരുന്ന് മൊബൈൽ ഫോണുകൾ നോക്കുന്നുണ്ടായിരുന്നു. പരിസരത്തുണ്ടായിരുന്ന മറ്റു ചിലർ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പുള്ളിപ്പുലി എത്തി നായയെ കടിച്ചെടുത്ത് കടന്നുകളഞ്ഞത് ഇത്ര വേഗത്തിലായതിനാൽ സമീപത്തിരുന്നവർ സംഭവം അറിഞ്ഞില്ലെന്നാണ് റിപ്പോർട്ട്.
ആശ്രമത്തിലെ ജീവനക്കാരനായ രാജ്ഭായിയുടെ വിവരമനുസരിച്ച് വൈകിട്ട് ഏഴരയോടെയാണ് സംഭവം നടന്നത്. ആദ്യം ആർക്കും എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പുള്ളിപ്പുലിയുടെ ആക്രമണം വ്യക്തമായത്. സിംഹങ്ങളെയും പുള്ളിപ്പുലികളെയും കാണപ്പെടുന്ന ഗിർനാർ വനത്തിന് സമീപം വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് എത്തുന്നതിലുള്ള ആശങ്കയും സംഭവം ഉയർത്തിയിട്ടുണ്ട്.







Comments