
കൊച്ചി: സി.എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി(18)യുടെ മരണം ആത്മഹത്യ തന്നെയെന്ന് പോലീസ്. മിഷേലുമായി പ്രണയത്തിലായിരുന്ന അകന്ന ബന്ധു ക്രോണിനെ പോലീസ് സംഭവത്തില്‍ അറസ്റ്റ് ചെയ്തു. ക്രോണിന്റെ മാനസിക, ശാരീരിക പീഡനങ്ങള്‍ സഹിക്കവയ്യാതെയാണ് പെണ്‍കുട്ടിയുടെ ആത്മഹത്യ. എറണാകുളം കലൂര്‍ പള്ളിയുടെ മുമ്പിലിട്ട് മിഷേലിനെ ക്രോണിന് തല്ലിയതായും അന്വേഷണത്തില്‍ വ്യക്തമായി. ഇയാള്‍ക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റമാണു ചുമത്തിയിരിക്കുന്നത്.
ക്രോണിന് വഞ്ചകനാണെന്നു മനസിലാക്കിയതോടെ ഇയാളുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ മിഷേല്‍ ശ്രമിച്ചിരുന്നു. എന്നാല്‍, കടുത്ത ഭീഷണിയാണ് ഇതേത്തുടര്‍ന്ന് ഇയാളില്‍ നിന്നു നേരിടേണ്ടി വന്നത്. ബന്ധം വേര്‍പെടുത്താന്‍ ശ്രമിച്ചാല്‍ 'കൊന്നുകളയും'എന്നു ഭീഷണിപ്പെടുത്തി. ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള 57 മെസേജുകളാണ് നാലാം തീയതി ഇയാള്‍ മിഷേലിനയച്ചത്. മൂന്നുതവണ ഫോണ്‍ ചെയ്തു. അഞ്ചാം തീയതി 32 ഭീഷണി സന്ദേശങ്ങള്‍ അയച്ചു. ആറുതവണ ഫോണിലൂടെ ഭീഷണിപ്പെടുത്തി.
ഇതേത്തുടര്‍ന്ന് താന്‍ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും തിങ്കളാഴ്ച എന്താണെന്ന് അറിയാമെന്നും ക്രോണിനോട് മിഷേല്‍ പറഞ്ഞിരുന്നു. ഇത് ആത്മഹത്യാ സൂചനയായിരുന്നെന്നാണ് പോലീസ് നിഗമനം. കാണാതായ ദിവസം മിഷേല്‍ അടുത്ത കൂട്ടുകാരികളേയും അമ്മയെയും ഫോണില്‍ വിളിച്ചിരുന്നു. പള്ളിയില്പോയി പ്രാര്‍ഥിക്കുകയും ചെയ്തു. മാനസിക സമ്മര്‍ദം താങ്ങാനാവാത്തതിനാല്‍ ആത്മഹത്യക്ക് കുട്ടി തീരുമാനിച്ചിരുന്നതായാണ് പോലീസിന്റെ വിലയിരുത്തല്‍. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ആത്മഹത്യ സ്ഥിരീകരിക്കുന്നതായും പോലീസ് ചൂണ്ടിക്കാട്ടുന്നു. മിഷേലിനെ തല്ലിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂട്ടുകാരികളാണ് പോലീസിനോടു വെളിപ്പെടുത്തിയത്.
ചോദ്യംചെയ്യലില്‍ ക്രോണിന് ഇക്കാര്യം സമ്മതിച്ചു. ക്രോണിന് കടുത്ത സംശയരോഗിയാണെന്ന് മിഷേല്‍ കൂട്ടുകാരികളോട് പറഞ്ഞിരുന്നു. കലൂര്‍ പള്ളിക്കു മുമ്പിലിട്ട് തല്ലിയതോടെ മിഷേല്‍ ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ക്രോണിന് പലവട്ടം മാപ്പ് പറഞ്ഞ് ബന്ധം തുടരുകയായിരുന്നു. ഛത്തീസ്ഗഡിലെ സ്വകാര്യസ്ഥാപനത്തിലാണ് ഇയാള്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. മറ്റു രണ്ടു പെണ്‍കുട്ടികളെയും ക്രോണിന് ചതിച്ചതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യം വിശദമായി അന്വേഷിച്ചുവരികയാണ്.
സംഭവദിവസം മിഷേലിനെ പള്ളിയിലും ടൗണ്‍ഹാളിലും പിന്തുടര്‍ന്ന തലശേരി സ്വദേശിയായ യുവാവിനു മരണത്തില്‍ പങ്കില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. മിഷേലിനെ കണ്ട് ഇഷ്ടം തോന്നിയതിനാല്‍ ഇയാള്‍ കുട്ടിയുടെ പിന്നാലെ കൂടിയതാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. എങ്കിലും കസ്റ്റഡിയിലുള്ള ഇയാളെയും പോലീസ് വിട്ടയച്ചിട്ടില്ല.






