
കൊച്ചി: കൊച്ചിയില്‍ സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കേസിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ്.പി മധു പറഞ്ഞു.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കേസ് ആദ്യം അന്വേഷിച്ച സെന്‍ട്രല്‍ സ്റ്റേഷനിലെത്ത് ക്രൈംബ്രാഞ്ച് എസ്പി മധു നേരിട്ട് അന്വേഷണ ഉദ്യോഗസ്ഥനില്‍ നിന്നും കേസ് ഡയറി ഏറ്റുവാങ്ങുകയായിരുന്നു.
എന്നാല്‍ മിഷേലിന്റെ മാതാപിതാക്കളുടെ പരാതി വേണ്ട രീതിയില്‍ പരിഗണിച്ചിരുന്നെങ്കില്‍ കുട്ടിയുടെ ജീവന് നഷ്ടപ്പെടില്ലായിരുന്നുവെന്ന് പോലീസ് കംപ്ലൈന്‍സ് അതോറിറ്റി ചെയര്മാന് പ്രതികരിച്ചു. പെണ്‍കുട്ടികളെ കാണാതാകുന്ന പരാതികളില്‍ പൊലീസ് കാര്യക്ഷമമായി അന്വേഷിക്കണമെന്നും ജസ്റ്റീസ് നാരായണ കുറുപ്പ് പറഞ്ഞു. ഇന്നലെ റിമാന്റ് ചെയ്ത പ്രതി ക്രോണിയുടെ ജാമ്യാപേക്ഷ കോടതി വൈകുന്നേരം പരിഗണിക്കും.






