
കുട്ടിക്കാലത്ത് എല്ലാവരെയും പോലെ എനിക്കും ആഗ്രഹമുണ്ടായിരുന്നു അഭിനയിക്കണമെന്നും ടി.വിലൂടെ മുഖം കാണണമെന്നും. അങ്ങനെ ഡബ്ബിങ് പഠിക്കാനായി ശിവമോഹന്‍ സാറിന്റെ സ്ഥാപനത്തില്‍ ചേര്‍ന്നു.
അന്ന് സാര്‍ അമൃത ചാനലില്‍ സീരിയല്‍ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഒരു ദിവസം ക്ലാസില്‍ വന്നു പറഞ്ഞു എല്ലാവര്ക്കും എന്റെ സീരിയലില്‍ ഒരവസരം തരാം. നാളെയാണ് ഷൂട്ട്.
സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചല്ലോ എന്നോര്‍ത്ത് ഞങ്ങള്‍ സന്തോഷം കൊണ്ട് തുളളിച്ചാടി. അടുത്ത ദിവസം രാവിലെ എഴുന്നേറ്റ് മേക്കപ്പ് ഇട്ട്, നല്ല കളര്‍ഫുള്‍ ഡ്രസ്സും ധരിച്ച് പതിവിലും നേരത്തെ ക്ലാസ്സില്‍ എത്തി.
ഞങ്ങള്‍ എല്ലാവരും കൂടി സാര്‍ പറഞ്ഞ സ്ഥലത്ത് എത്തി. ഒരു മരണ വീട്ടിലെ രംഗമാണ് ചിത്രീകരിക്കുന്നത്. ബോഡി കാണാന്‍ വരുന്നവരായിട്ടാണ് ഞങ്ങളുടെ റോള്‍. ഞങ്ങള്‍ അതുപോലെ തന്നെ ചെയ്തു.
പിറ്റേ ദിവസം മുതല്‍ ആ സീരിയലിന്റെ സമയത്ത് എല്ലാവരെയും വിളിച്ച് ടിവി യുടെ മുന്നില്‍ കൊണ്ടിരുത്തും. ഞാന്‍ അഭിനയിച്ച സീന്‍ കാണിക്കാന്‍. ഇപ്പോള്‍ വരുമെന്ന് പറഞ്ഞ് എന്നും നോക്കിയിരിക്കും. അവസാനം ആ രംഗം എത്തി.
എന്നെ ഇപ്പോള്‍ കാണാമെന്ന ആകാംക്ഷയില്‍ നോക്കിയിരുന്നെങ്കിലും എല്ലാം വെറുതെ ആയിരുന്നു. ഞാന്‍ ഇട്ട ഡ്രസിന്റെ കുറച്ചു ഭാഗങ്ങള്‍ മാത്രമേ കാണാന്‍ സാധിച്ചുളളൂ. അന്ന് ഭയങ്കര വിഷമം തോന്നിയെങ്കിലും ഇന്നത് ഓര്‍ക്കുമ്പോള്‍ ചിരിവരും.
അഭിനയിക്കണമെന്ന് മോഹം മനസ്സില്‍ കടന്നു കൂടിയ സമയത്ത് ഒരു സീരിയല്‍ താരത്തിന്റെ അമ്മ എന്നെ വിളിച്ചു. അവരുടെ മകള്‍ അഭിനയിക്കുന്ന സീരിയലില്‍ ഒരു വേഷമുണ്ട,് അടുത്ത ദിവസം ലൊക്കേഷനില്‍ വരാന്‍ പറഞ്ഞു.
അവര്‍ പറഞ്ഞതനുസരിച്ച് ഞാനും ഹസ്ബന്റും ഞങ്ങളുടെ കുഞ്ഞുമായി അവിടെ ചെന്നു ഡയറക്ടറെ കണ്ടു, പുളളി മുഖത്തോട്ടു നോക്കുകയോ പേരു ചോദിക്കുകയോ ഒന്നും ചെയ്തില്ല.
വേഷം എന്തെങ്കിലും വരുമ്പോള്‍ വിളിക്കാം ഇപ്പോള്‍ ഒന്നുമില്ലെന്ന് പറഞ്ഞുവിട്ടു. ഒന്നും ആകാതെ എല്ലാം ശരിയായി എന്ന് പറഞ്ഞാണ് ആ ആന്റി വിളിച്ച് പറ്റിച്ചത്. അത് എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല. അത്രയ്ക്കും വേദനിപ്പിച്ച കാര്യമാണത്. അന്നുവരെ സീരിയലില്‍ അഭനയിക്കണം എന്നൊരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു.
പിന്നീട് അഭിനയിക്കണം എന്നത് വാശിയായി തീര്‍ന്നു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി തുടരുന്നതിനിടയില്‍ അഭിനയിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. ഒടുവില്‍ വൃന്ദാവനം എന്ന സീരിയലില്‍ അവസരം ലഭിച്ചു. പിന്നീട് ദൈവം സഹായിച്ച് നിരവധി സീരിയലുകളില്‍ അഭിനയിക്കാന്‍ സാധിച്ചു. ഇപ്പോള്‍ മംഗല്യപട്ടിലും, മൂന്നുമണിയിലും അഭിനയിക്കുന്നു.
പുറത്തു പോകുമ്പോള്‍ പ്രേക്ഷകര്‍ കഥാപാത്രത്തിന്റെ പേരാണ് വിളിക്കുന്നത്. മംഗല്യപട്ടില്‍ ഞാന്‍ ഒരു നെഗറ്റീവ് കഥാപാത്രമാണ് ചെയ്യുന്നത്. അതില്‍ എന്റെ പേര് സോണിയെന്നാണ്. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ എന്നെ സോണി എന്നാണ് വിളിക്കുന്നത്.
ഒരിക്കല്‍ ഒരു കല്യാണത്തിനു പോയി. ഫുഡ് കഴിച്ചു കൊണ്ടിരുന്നപ്പോള്‍ പ്രായമായ ഒരമ്മ വന്ന് പുറത്ത് അടിച്ചിട്ട് ചോദിച്ചു. എടീ സോണി നീ എന്താണ് ആ മൈനയോട് കാണിക്കുന്നതെന്ന്.
പെട്ടെന്ന് ഞാന്‍ ഞെട്ടിപ്പോയെങ്കിലും അവര്‍ എന്നെ സ്വീകരിച്ചതു കൊണ്ടല്ലേ അങ്ങനെ ചോദിച്ചതെന്ന് ഓര്‍ത്ത് സന്തോഷമായി. പ്രേക്ഷകര്‍ തിരിച്ചറിയുന്നത് ഒരു അനുഗ്രഹമായി കാണുന്നു.
ഷൂട്ട് കഴിഞ്ഞാല്‍ എത്രയും പെട്ടെന്നു വീട്ടില്‍ എത്തിച്ചേരണമെന്ന ചിന്തയാണ്. ഹൗസ്ബന്റിന്റെ വീട്ടില്‍ എല്ലാവരും ഉണ്ട്. ജോയിന്റ് ഫാമിലിയാണ്. അവരെല്ലാം എനിക്ക് നല്ല സപ്പോര്‍ട്ടാണ്.
അതുകൊണ്ടാണ് ഈ ഫീല്‍ഡില്‍ നിലനില്ക്കാന് സാധിക്കുന്നത്. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് അമ്മ ജമീലയാണ്. അമ്മ ഇപ്പോള്‍ അനിയത്തിയോടൊപ്പം ദുബായില്‍ ആണ്. എന്റെ ഹസ്ബന്റ് പ്രതീഷ് ഒരു ഡാന്‍സറാണ്.
അദ്ദേഹത്തിന്റെ കീഴില്‍ ഡാന്‍സ് പഠിക്കാന്‍ പോയി, പരസ്പരം ഇഷ്ടപ്പെട്ടു, ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഞങ്ങള്‍ വിവാഹം കഴിച്ചു. രണ്ടു കുട്ടികളുണ്ട് സുഹെല്‍, സുഖാന്‍ എന്നാണവരുടെ പേര്. മൂത്തയാള്‍ അഞ്ചാം ക്ലാസ്സിലും ഇളയ ആള് ഒന്നിലും പഠിക്കുന്നു.






