
പിറവം: സി എ വിദ്യാര്‍ത്ഥിനി മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മിഷേലിനെ ക്രോണിന് മാനസിക സമ്മര്‍ദ്ദത്തില്‍ പെടുത്തിയെന്നും മര്‍ദ്ദിച്ചതായും മിഷേലിന്റെ സുഹൃത്തുക്കള്‍ മൊഴി നല്കി. നിരവധി തവണ മാനസീകമായി പീഡിപ്പിച്ചിരുന്നെന്നും ക്രൈംബ്രാഞ്ച് സംഘത്തിനാണ് മൊഴി നല്‍കിയിട്ടുള്ളത്.
മിഷേലിന്റെ ചെന്നൈയിലെയും ബംഗലുരുവിലെയും സുഹൃത്തുക്കളാണ് ക്രൈം ബ്രാഞ്ച് സംഘത്തോട് ക്രോണിന് മിഷേലിനെ ഉപദ്രവിച്ചിരുന്നതായുള്ള വിവരം നല്‍കിയത്. നേരത്തേ പോലീസ് നടത്തിയ ഓണ്‍ലൈന്‍ ചോദ്യം ചെയ്യലിലും ഇവര്‍ മിഷേലിനെ ക്രോണിന് മാനസീകമായി പീഡിപ്പിച്ചിരുന്നതായി പറഞ്ഞിരുന്നു.
മിഷേല്‍ ആത്മഹത്യ ചെയ്യില്ലെന്ന് ആവര്‍ത്തിച്ചു പറയുന്ന സുഹൃത്ത് ക്രോണിന് മിഷേലിനെ ഇതിനേക്കാള്‍ വലിയ മാനസീക സമ്മര്‍ദ്ദത്തില്‍ ആക്കിയിട്ടുണ്ടെന്നും ജീവനൊടുക്കാനാണെങ്കില് അന്ന് ആകാമായിരുന്നെന്നും പറയുന്നു. അഞ്ചാം തീയതി രാവിലെ വിളിച്ചപ്പോള്‍ ഭയങ്കര സന്തോഷവതിയായി സംസാരിച്ച മിഷേല്‍ മെസേജിന്റെ കാര്യം പറയാന്‍ ചിലപ്പോള്‍ മറന്നതായിരിക്കുമെന്നും കൂളായിട്ടാണ് സംസാരിച്ചതെന്നും പറയുന്നു.
മുമ്പ ് എറണാകുളത്ത് പഠിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു ദിവസം ക്രോണിന് കാണാന്‍ വന്നിരുന്നു. എന്തോ വഴക്കിട്ട ശേഷമായിരുന്നു അന്ന് ക്രോണിന് വന്നത്. ഫോണില്‍ വിളിച്ചിട്ട് എടുത്തില്ല. ആ ദേഷ്യത്തിലാണ് കാണാന്‍ വന്നതെന്നും പറഞ്ഞു. അന്നൊക്കെ ക്രോണിന് മിഷേലിനെ ഉപദ്രവിച്ചിരുന്നു. അതൊന്നും അന്ന് വലിയ പ്രശ്നം ആക്കാതിരുന്നവള് ഇപ്പോള്‍ അതിനെ പ്രശ്നമാക്കുമോയെന്നും ചോദിക്കുന്നു.
പള്ളിയില്‍ പോയപ്പോള്‍ ബാഗുമായിട്ടാണ് അവള് പോയത്. അങ്ങിനെ ആത്മഹത്യ ചെയ്യാന്‍ പോയ ആള് ബാഗു കൊണ്ടുപോകുമോയെന്നും സാധാരണ പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചു കഴിയുമ്പോള്‍ പുറത്തിറങ്ങി കരയാറുള്ള അവള് ഇത്തവണ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. 27 ന് താന്‍ എത്തുമ്പോള്‍ കാണാമെന്നും പറഞ്ഞിരുന്നു. മരിക്കാന്‍ പോകുന്ന ഒരാള്‍ അങ്ങിനെ പറയുമോയെന്നും ചോദിക്കുന്നു.






