
ന്യൂഡല്‍ഹി: ലോക്സഭയില്‍ ധനബില്‍ പാസായി. ഇനി നികുതി അടയ്ക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാണ്. നികുതി അടയ്ക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഭേദഗതി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിലാണ് ലോക്സഭയില്‍ അവതരിപ്പിച്ചത്. നികുതി വെട്ടിപ്പുകാരെ കണ്ടെത്തുന്നതിനാണ് ആധാര്‍ നിര്‍ബന്ധമാക്കിയതെന്ന് മന്ത്രി പറഞ്ഞു. ഒന്നിലധികം പാന്‍ നമ്പറുകള്‍ ഉപയോഗിച്ച് നികുതി വെട്ടിക്കുന്നവരെ തടയുന്നതിന് ബോധപൂര്‍വമാണ് ഭേദഗതി കൊണ്ടു വന്നതെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
കറന്‍സി ഇടപാടിന്റെ പരിധി രണ്ട് ലക്ഷമായി കുറയ്ക്കാനുള്ള നീക്കത്തെ ധനമന്ത്രി ന്യായീകരിച്ചു. നോട്ട് നിരോധനം രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്ന ഉറച്ച ചുവടുവയ്പ്പാമെന്നും ധനമന്ത്രി പറഞ്ഞു. അസാധു നോട്ടുകളില്‍ വന്‍ തുക നിക്ഷേപിച്ച പതിനെട്ട് ലക്ഷത്തോളം പേരുടെ വിവരങ്ങള്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് കൈമാറിയിട്ടുണ്ട്. അവരോട് പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താന്‍ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 8.71 ലക്ഷം പേര് മറുപടി നല്‍കിയതായും ധനമന്ത്രി ലോക്സഭയില്‍ അറിയിച്ചു.
ലോകം മുഴുവന്‍ ഡിജിറ്റല്‍ സമ്പദ്ഘടനയിലേക്ക് മാറുകയാണ്. അപ്പോഴാണ് ഒരു പാര്‍ട്ടി കറന്‍സി അധിഷ്ടിത സമ്പദ്ഘടനയ്ക്ക് വേണ്ടി വാദിക്കുന്നതെന്നും ജെയ്റ്റ്ലി പരിഹസിച്ചു. കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടായിരുന്നു ജെയ്റ്റ്ലിയുടെ പരിഹാസം. നികുതി അടയ്ക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നത് ഉള്‍പ്പെടെ 40ഓളം ഭേദഗതികള്‍ ചൊവ്വാഴ്ചയാണ് ജെയ്റ്റ്ലി അവതരിപ്പിച്ചത്.






