
പാൽഗർ: മഹാരാഷ്ട്രയിലെ പാൽഗറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഫുട്ബോൾ കോച്ചിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഭിജിത് മെണ്ഡാൾ (36) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മൂന്ന് വർഷമായി പ്രതി തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി പരാതിയിൽ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ പ്രതിക്കെതിരെ പോക്സോ (POCSO) നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.വസായിയിലെ ഒരു ഫുട്ബോൾ പരിശീലന അക്കാദമിയിൽ വെച്ചാണ് 17 വയസ്സുള്ള പെൺകുട്ടിയെ പ്രതി നിരന്തരം പീഡനത്തിനിരയാക്കിയതെന്നാണ് പരാതി. കായികരംഗത്ത് മികച്ച അവസരങ്ങൾ ഒരുക്കിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു.
പീഡന ദൃശ്യങ്ങൾ പകർത്തിയ ശേഷം അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ തുടർന്നും ചൂഷണം ചെയ്തിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി താൻ നിരന്തരമായി പീഡനത്തിനിരയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
2023-ലാണ് പെൺകുട്ടി അക്കാദമിയിൽ ചേർന്നത്. പിന്നീട് പ്രതിയിൽ നിന്ന് അകന്നുനിൽക്കാൻ ശ്രമിച്ചെങ്കിലും കൈവശമുണ്ടായിരുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ പെൺകുട്ടിയെ സമ്മർദത്തിലാക്കിയതായി പൊലീസ് അറിയിച്ചു.
തുടർന്നാണ് പെൺകുട്ടി വിവരം രക്ഷിതാക്കളെ അറിയിച്ചത്. തുടർന്ന് മാണിക്പുർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയായ അഭിജിത് മെണ്ഡാളിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.






