ഒന്‍പത് ദിവസത്തോളം ആമസോണ്‍ മഴക്കാടുകളില്‍ അകപ്പെട്ട ടൂറിസ്റ്റ് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിയെത്തി. ചിലയന്‍ പൗരനായ മെയ്കൂള് കൊറോസീ അകുന (25) ആണ് ജീവിതത്തിലേക്ക് തിരിച്ചു വന്നത്. മാക്സ് അഡ്വെഞ്ചേഴ്സ് എന്ന ടൂര്‍ കമ്പനിക്കൊപ്പം ബൊളീവിയയിലെ മാഡി ദേശീയ പാര്‍ക്കില്‍ എത്തിയ മെയ്കൂള് കാട്ടില്‍ ഒറ്റപ്പെടുകയായിരുന്നു. തുടര്‍ന്ന് ഒന്‍പത് ദിവസത്തോളം ഇയാള്‍ കാട്ടില്‍ അലഞ്ഞ് നടന്നു.
ഈ ഒന്‍പത് ദിവസവും കുരങ്ങന്മാരാണ് യുവാവിന് ആഹാരം വെള്ളവും നല്‍കിയത്. ഫെബ്രുവരിയില്‍ ഒരു ദിവസം രാത്രി എട്ടരയോടെ കാണാതായ യുവാവിന്റെ അത്ഭുത അതിജീവനത്തിന്റെ കഥ നാഷണല്‍ ജോഗ്രഫിക് ആണ് റിപ്പോര്‍ട്ട് ചെയ്തത്. ബോട്ടില്‍ മാത്രം എത്തിച്ചേരാന്‍ കഴിയുന്നതും നഗരത്തില്‍ നിന്ന് മൈലുകള്‍ അകലെയുള്ളതുമായ പ്രദേശത്ത് വച്ചാണ് മെയ്കൂളിനെ കാണാതായത്. എവിടേക്കാണ് പോയതെന്ന് ഒരു സൂചനയും അവശേഷിപ്പിക്കാതെയാണ് മെയ്കൂളിനെ കാണാതായത്.
മെയ്കൂളിനെ കാണാതായതിന് പിന്നില്‍ ആമസോണ്‍ കാടുകളിലെ പ്രേതസാന്നിധ്യമാണോ എന്ന് പോലും സംഘാങ്ങള്‍ സംശയിച്ചിരുന്നു. ആമസോണ്‍ കാട്ടിലെ ഗോത്ര വര്‍ഗക്കാരെ കൊണ്ടു വന്ന് പ്രാര്‍ത്ഥനകളും തെരച്ചിലും സംഘാങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ അത്ഭുകരമെന്ന് പറയട്ടെ ഒന്‍പത് ദിവസത്തിന് ശേഷം സംഘത്തിന്റെ ക്യാംപില്‍ നിന്ന് ഒരു മൈല്‍ അകലെ നദിക്കരയില്‍ നിന്നുമാണ് മെയ്കൂളിനെ കണ്ടെത്തിയത്.
കാട്ടില്‍ ഒറ്റപ്പെട്ട് പോയതിന് ശേഷം എന്ത് ചെയ്യുമെന്ന് തനിക്കൊരു ധാരണയുമില്ലായിരുന്നെന്ന് മെയ്കൂള് പറഞ്ഞു. എല്ലാ ദിവസവും കുരങ്ങന്മാര് ആഹാരവും ഭക്ഷണവും എത്തിച്ചു നല്‍കിയിരുന്നു. അതുകൊണ്ട് മാത്രമാണ് താന്‍ ജീവനോടെ ഇരുന്നത്. ദൈവമാണ് തന്നെ രക്ഷിച്ചതെന്ന് വിശ്വസിക്കുന്നതായും മെയ്കൂള് പറഞ്ഞു.






