
മെല്‍ബണ്‍: കോട്ടയം സ്വദേശിയായ ടാക്സി ഡ്രൈവര്‍ ലീമാക്സ് ജോയിക്കെതിരെ നടന്ന വംശീയാക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ച് ഓസ്ട്രേലിയ. ആക്രമണത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷന് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ആക്രമണത്തില്‍ നേരിയ ലീമാക്സിന് പരുക്ക് സംഭവിച്ചതായി മനസിലാക്കുന്നുവെന്നും ഹൈക്കമ്മീഷന് പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യന്‍ സമൂഹം അടക്കം ഓസ്ട്രേലിയയില്‍ താമസിക്കുന്ന എല്ലാവരുടെയും സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ആക്രമണം ടാസ്മാനിയ പോലീസ് അന്വേഷിച്ചു വരികയാണ്. എല്ലാ ആക്രമണങ്ങളെയും ഗൗരവത്തോടെയാണ് കാണുന്നത്. ആക്രമണത്തിന് പിന്നില്‍ വംശവെറി കാരണമായിട്ടുണ്ടോയെന്ന് പ്രത്യേകം അന്വേഷിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
അതേസമയം നടന്നത് വംശീയ ആക്രമണം തന്നെയാണെന്ന് ലീമാക്സ് സ്ഥിരീകരിച്ചു. തന്നെ വംശീയമായി അധിക്ഷേപിച്ച അക്രമികള്‍ കാരണം കൂടാതെ മര്‍ദ്ദിക്കുകയായിരുന്നെന്ന് ലീമാക്സ് പറഞ്ഞു. ദൃക്സാക്ഷികള്‍ ആരും ഇടപെടാന്‍ തയ്യാറായില്ലെന്നും ലീമാക്സ് കൂട്ടിച്ചേര്‍ത്തു. കോട്ടയം മീനടം സ്വദേശിയാണ് ലീമാക്സ്. ലീമാക്സ് ജോയിക്ക് നേരെയാണ് കഴിഞ്ഞ ദിവസം ഹോബര്‍ട്ടില്‍ വച്ചാണ് ആക്രമണമുണ്ടായത്.
ഓസ്ട്രേലിയയില്‍ ഇന്ത്യക്കാര്‍ക്കെതിരെ ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ ആഴ്ച മെല്‍ബണിലെ പള്ളിയിലെ മലയാളി വൈദികന് ഫാ. ടോമി കളത്തൂരിന് കുത്തേറ്റിരുന്നു.







Comments