
സ്ത്രീസുരക്ഷയ്ക്കു വേണ്ടി നിശിതവും ശക്തവുമായ നിലപാടുകള്‍ സ്വീകരിക്കുന്ന ടി.പാര്‍വതിയെ സ്ത്രീസമൂഹം മാത്രമല്ല നീതി നടന്നുകാണാന്‍ ആഗ്രഹിക്കുന്ന
ഓരോരുത്തരും പ്രതീക്ഷയോടെ ഉറ്റു നോക്കുന്നു.
പെണ്ണിന്റെ അഭിമാനത്തിന് മുറിവേല്ക്കുമ്പോള് മിണ്ടാതിരിക്കാന്‍ കഴിയില്ല, പാര്‍വതിക്ക്. ചാനലുകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടും അവര്‍ നിരന്തരം ഇടപെട്ടുകൊണ്ടേയിരിക്കും. അതിന്റെ പേരിലുള്ള ഒറ്റപ്പെടുത്തലുകളെയും ഭീഷണികളെയും വകവച്ചുകൊടുക്കാന്‍ പാര്‍വതി തയ്യാറുമല്ല.
''തുറന്നുപറയുന്നതുകൊണ്ട് ശത്രുക്കള്‍ ഒരുപാടുണ്ടായിട്ടുണ്ട്. വീട്ടില്‍ അന്തസ്സുള്ള പുരുഷന്മാര് ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നതെന്നാണ് ചിലരുടെ ആരോപണം. ഇതൊന്നും മറുപടി അര്‍ഹിക്കുന്നില്ല.
സ്ത്രീകള്‍ക്ക് സ്വന്തം ശക്തി ബോധ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ആക്രമിക്കപ്പെടുന്നവര്‍, വൈകിയാണെങ്കിലും പരാതിയുമായി മുന്നോട്ടുവരുന്നത് ആശാവഹമാണ്. ഇനിയൊരു സൗമ്യ കൂടി ഉണ്ടായാല്‍ കേരളത്തിലെ സ്ത്രീകള്‍ വെറുതെയിരിക്കില്ല.''
തിരുവനന്തപുരം മെഡിക്കല്കോളജിനടുത്തുള്ള 'ഭാനുമതി'യെന്ന വീട്ടില്‍ സഹായം ചോദിച്ചുവരുന്നവരില്‍ സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരുമുണ്ട്. നിയമസഹായവും സാമ്പത്തികസഹായവും ഉപദേശവും തേടിയെത്തുന്നവരാണ് കൂടുതലും.
''ചിലര്‍ ചോദിക്കാറുണ്ട്, നിങ്ങള്‍ക്ക് കിട്ടുന്ന ഫണ്ടൊക്കെ എന്തുചെയ്യുമെന്ന്. ഇതുകേള്‍ക്കുമ്പോള്‍ എനിക്ക് ചിരിവരും. എനിക്ക് ഒരു ഫണ്ടും വരുന്നില്ല. സുഹൃത്തുക്കളാണ് എന്റെ സമ്പാദ്യം. ചില കുട്ടികളെ പഠിപ്പിക്കുന്നുണ്ട്.
അടുത്തകാലത്ത് മകളെ കെട്ടിച്ചയയ്ക്കാന്‍ കാശില്ലാത്ത അവസ്ഥയില്‍ ഒരു കുടുംബത്തെ സഹായിച്ചു. അതിന്റെ ക്രെഡിറ്റ് എനിക്ക് മാത്രമല്ല, സുഹൃത്തുക്കള്‍ക്കും കൂടിയുള്ളതാണ്.''
കുട്ടിക്കാലം മുതല്‍ ബോള്ഡായിരുന്നോ?
പറയേണ്ടത് മുഖത്തുനോക്കി പറയാറുണ്ട്. അതിനെ ബോള്‍ഡ് എന്നു വിളിക്കാമോ എന്നറിയില്ല. സ്വാതന്ത്ര്യം വാക്കാലല്ല, പ്രവര്‍ത്തിയിലൂടെ നല്കിയ കുടുംബമാണ് എന്റേത്.
അച്ഛന്, അമ്മയെ ഒരിക്കല്‍പോലും അടുക്കളയില്‍ കയറ്റിയിട്ടില്ല. അഥവാ അത്യാവശ്യമായി എന്തെങ്കിലും ഉണ്ടാക്കണമെങ്കില്‍ അച്ഛനാണ് മുന്നിട്ടിറങ്ങുക.
അടുത്ത മൂന്ന് ജനറേഷനെങ്കിലും സ്ത്രീകള്‍ അടുക്കളയില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന അഭിപ്രായമാണ് അച്ഛന്. ഒരിക്കല്‍ എന്റെ മോന് പാല്‍കുടിച്ച പാത്രം അമ്മയെക്കൊണ്ട് കഴുകിച്ചപ്പോള്‍ അച്ഛന് പറഞ്ഞ വാക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്.
''അവരെക്കൊണ്ട് എന്റെ പാത്രം പോലും ഞാന്‍ കഴുകിച്ചിട്ടില്ല.''
അത്തരമൊരു പോളിസിയിലാണ് അച്ഛന് വിശ്വസിക്കുന്നത്. സ്ത്രീയുടെ മാത്രം ജോലിയല്ല അടുക്കളഭരണം. അങ്ങനെ ചെയ്താല്‍ ആ അടിമത്തം ഉള്ളില്‍ നിന്ന് മാറില്ല.
അഞ്ച് സഹോദരിമാരായിരുന്നു അച്ഛന്. സ്ത്രീകള്‍ക്ക് ബഹുമാനവും സ്വാതന്ത്ര്യവും നല്കുന്ന കുടുംബത്തില്‍ നിന്ന് വന്നതുകൊണ്ടാവണം ആ ചിന്ത ഞങ്ങളെയും പഠിപ്പിച്ചത്.
പത്താംക്ലാസിലായിരുന്ന സമയത്ത് ഡാന്‍സ് ക്ലാസിന് പോകുമായിരുന്നു. ഒരു അവധി ദിവസം ഡാന്‍സ് ടീച്ചറുടെ ഭര്‍ത്താവ് ഫോണില്‍ വിളിച്ചു. നേരത്തെയാണ് ക്ലാസെന്നും ഉടന്‍ വരണമെന്നും പറഞ്ഞു. ടീച്ചറുടെ വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവ് സ്വീകരിച്ചിരുത്തി.
''മോനെ സ്പെഷല്‍ ക്ലാസിന് വിട്ടിട്ട് പെട്ടെന്നുവരാം''
എന്നു പറഞ്ഞ് അദ്ദേഹം പുറത്തേക്ക് പോയി. ഞാന്‍ പതുക്കെ സിറ്റൗട്ടിലേക്ക് വന്നു. അപ്പോഴാണ് അപ്പുറത്തെ ചേച്ചി എന്നെ കണ്ടത്.
''ടീച്ചര്‍ എറണാകുളത്ത് പോയിരിക്കുകയാണല്ലോ. പിന്നെന്തിനാ പാര്‍വതി വന്നത്?''
അതോടെ എന്തോ പന്തികേട് മണത്തു. പുറത്തേക്ക് പോകാനായി ഇറങ്ങിയപ്പോള്‍ ഗേറ്റ് പൂട്ടിയിരിക്കുന്നു. ഒന്നും നോക്കിയില്ല, മതില്‍ചാടി കടന്നു. വീട്ടിലെത്തുമ്പോള്‍ പൂമുഖത്ത് അച്ഛനിരിപ്പുണ്ട്.
മുമ്പിലെത്തിയതും പൊട്ടിക്കരഞ്ഞുപോയി. വിതുമ്പിക്കൊണ്ടാണ് സംസാരിച്ചത്. ആ സമയത്ത് ഞാന്‍ പേടി കൊണ്ട് വിറയ്ക്കുകയായിരുന്നു.
''എന്തിനാ ഭയപ്പെടുന്നത്? നിനക്ക് ഒന്നും സംഭവിച്ചിട്ടില്ലല്ലോ. ഇപ്പോള്‍ത്തന്നെ ആ വീട്ടില്‍ച്ചെന്ന് അയാളോട്, എന്തിനാണ് വരാന്‍ പറഞ്ഞതെന്ന് ചോദിക്കുക. അതിനുശേഷം വീട്ടിലേക്ക് വന്നാല്‍ മതി.''
എനിക്ക് കൈയും കാലും വിറച്ചു. പോവില്ലെന്ന് നിര്‍ബന്ധം പിടിച്ചപ്പോള്‍, ഗേറ്റ് വരെ കൂടെ വരാമെന്ന് അച്ഛന് സമ്മതിച്ചു. ഡാന്‍സ് ടീച്ചറുടെ വീടിന് പുറത്ത് അച്ഛന് കാത്തുനിന്നു. ഞാന്‍ അകത്തുചെന്നപ്പോള്‍ അദ്ദേഹമുണ്ടവിടെ.
''എന്തിനാ ഡാന്‍സുണ്ടെന്ന് കള്ളംപറഞ്ഞ് എന്നെ വിളിപ്പിച്ചത്?'' രോഷം കലര്‍ന്ന സ്വരത്തില്‍ ഞാന്‍ ചോദിച്ചു. അദ്ദേഹം മിണ്ടിയില്ല.
''മേലില്‍ ഒരു പെണ്‍കുട്ടിയെയും ഇതേപോലെ വിളിക്കരുത്.''
താക്കീത് ചെയ്തിട്ടാണ് അവിടെ നിന്നിറങ്ങിയത്. കാറിലേക്ക് കയറുമ്പോള്‍ അച്ഛന് ചോദിച്ചു.
''ഇപ്പോള്‍ എന്തുതോന്നുന്നു?''
''വല്ലാത്തൊരു ധൈര്യം.''
അച്ഛന് ചിരിച്ചു.
''ഓരോ സ്ത്രീക്കും ജനിതകമായി അതുണ്ട്. പ്രകടിപ്പിക്കാനുള്ള അവസരമാണ് വേണ്ടത്. എല്ലാം സ്വന്തമായി തീരുമാനിക്കാന്‍ കഴിയണം. കൂടെ ഒരുപാടുപേരുണ്ടാവും. എങ്കിലും ചതിക്കുഴികളില്‍ വീഴുമ്പോള്‍ കൂടെ ഒരാളുമുണ്ടാവില്ല.''
അച്ഛനായിരുന്നു എന്റെ സ്കൂള്‍. അവിടെനിന്ന് പഠിച്ചിറങ്ങിയതുകൊണ്ടാവാം, എനിക്കും ഈ ധൈര്യം കിട്ടിയത്.
പിന്നീട്, മുതിര്‍ന്നപ്പോള്‍ സ്ത്രീകള്‍ക്കുവേണ്ടി ഇടപെടണമെന്ന് തോന്നിയത്?
കൈരളി ചാനലില്‍ 'ശുഭദിനം' പ്രോഗ്രാം അവതരിപ്പിക്കുന്ന സമയം. കൂടെ വര്‍ക്ക് ചെയ്തിരുന്ന അനന്തപത്മനാഭന്റെ (പത്മരാജന് സാറിന്റെ മകന്) വിവാഹത്തില്‍ പങ്കെടുക്കാനാണ് ഒരു ദിവസം പാലക്കാട്ടേക്ക് പോയത്. തിരിച്ചുവരുമ്പോള്‍ ട്രെയിന്‍ കിട്ടിയില്ല.
പോകുന്നവഴിക്ക് പലരുടെയും കമന്റുകള്‍, അശ്ലീലസംഭാഷണങ്ങള്‍, തുറിച്ചുനോട്ടങ്ങള്‍ എന്നിവയുണ്ടായി. ഗാന്ധിപാര്ക്കിനടുത്ത് എത്തിയപ്പോള്‍, പെട്ടെന്നാണ് ബലിഷ്ഠമായ ഒരു കൈ വന്ന് എന്റെ കൈയില്‍പിടിച്ചത്.
''ഓട്ടോയുണ്ട്, വാ പോകാം.''
റോഡരികിലുള്ള ഓട്ടോ സ്റ്റാര്‍ട്ട് ചെയ്ത് നില്‍ക്കുകയാണ്. എത്രതന്നെ ധൈര്യമുണ്ടായാലും ഒരു സ്ത്രീ പകച്ചുപോകുന്ന നിമിഷം. ഭയംകൊണ്ട് എന്റെ കൈയും കാലും വിറച്ചു. പെട്ടെന്നാണ് പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ ഓടിവന്ന് രക്ഷപ്പെടുത്തിയത്.
ഒരുപക്ഷേ അവരൊന്ന് താമസിച്ചെങ്കില്‍ അയാള്‍ എന്നെ തട്ടിക്കൊണ്ടുപോയേനെ. സന്ധ്യ കഴിഞ്ഞാല്‍ ഒരു പെണ്ണിനും റോഡിലിറങ്ങിനടക്കാന്‍ കഴിയില്ലെന്ന് ആ സംഭവത്തോടെ മനസ്സിലായി. ഇക്കാര്യം അന്നത്തെ മുഖ്യമന്ത്രിയായ വി.എസ്.അച്യുതാനന്ദന് എഴുതിനല്‍കുകയും ചെയ്തു.
പിറ്റേ ദിവസം മുതല്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ഷാഡോ പോലീസിറങ്ങി ഒരുപാട് പേരെ അറസ്റ്റ് ചെയ്തു. പക്ഷേ അതിന്റെ പേരില്‍ ഒരുപാടുപേര് ആക്ഷേപിച്ച് സംസാരിച്ചു. പല സുഹൃത്തുക്കളും ശത്രുക്കളായി.
ചിലര്‍ കല്യാണത്തിന് പോലും വിളിക്കാതായി. പലരും ഒറ്റപ്പെടുത്തി. തിരുവനന്തപുരം നഗരത്തെ ഞാന്‍ മോശമായി ചിത്രീകരിച്ചു എന്നായിരുന്നു അവരുടെ ആരോപണം.
പോലീസിന് പോലും നിയന്ത്രിക്കാന്‍ കഴിയാത്ത തരത്തില്‍ സദാചാരപ്പോലീസ് വളര്‍ന്നിരിക്കുന്നു?
സദാചാരം ഒരു നല്ല വാക്കാണ്. നല്ല ആചാരം. ആ വാക്ക് ഉപയോഗിച്ച് കുറെ ഗുണ്ടകള്‍ നമ്മെ ആക്രമിക്കുന്നു. ഇപ്പോഴും രാത്രിയില്‍ ടാക്സിയില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോള്‍ ചങ്കിടിക്കാറുണ്ട്.
ഹൈവേയില്‍നിന്ന് കാര്‍ ഇടറോഡിലേക്ക് കയറിയാല്‍ ടെന്‍ഷന്‍ കൂടും. കാര്‍ കുഴിയിലെങ്ങാനും പെട്ടാല്‍, ഇടപെടുന്നത് സദാചാരപ്പോലീസായിരിക്കും. അസമയത്ത് ഒരു സ്ത്രീ സഞ്ചരിക്കുന്നതിനെ അവര്‍ ചോദ്യം ചെയ്യും. തരംകിട്ടിയാല്‍ ഉപദ്രവിക്കുകയും ചെയ്യും.
അവിടെയൊന്നും സ്ത്രീകള്‍ പറയുന്നത് ആരും വിശ്വസിക്കില്ല. സ്ത്രീകള്‍ കള്ളികളും നുണച്ചികളും പുരുഷന്മാരെ പെടുത്താന്‍ നടക്കുന്നവരും ആണല്ലോ. വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്മോഹന്‍ ഉണ്ണിത്താനെ ചോദ്യം ചെയ്ത സംഭവം ഓര്‍ക്കുന്നില്ലേ.
ഒരു പെണ്‍കുട്ടിയുടെ കൂടെ ഒരു ആണ്‍കുട്ടി ഇരിക്കുന്നുണ്ടെങ്കില്‍ അത് അവളുടെ സമ്മതത്തോടെയായിരിക്കും. ഒരു ബലാല്‍സംഗം പോലും തടയാന്‍ സദാചാരപ്പോലീസിന് കഴിഞ്ഞിട്ടുണ്ടോ? സെക്സ് റാക്കറ്റില്പെടുന്ന ഏതെങ്കിലുമൊരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ ഇവര്‍ക്കായിട്ടുണ്ടോ? എന്റെ അമ്മ ഗൈനക്കോളജിസ്റ്റാണ്.
ഒരു ദിവസം രാവിലെ ആശുപത്രിയിലെത്തിയപ്പോള്‍ കരഞ്ഞുനിലവിളിക്കുന്ന അഞ്ചുവയസ്സുകാരിയെയാണ് കണ്ടത്. അവളുടെ രഹസ്യഭാഗത്ത് കുപ്പി കയറ്റി രക്തം വാര്‍ന്ന അവസ്ഥയാണ്. ഇതുപോലുള്ള സംഭവങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ഒരു സദാചാരക്കാരനുമുണ്ടാവില്ല.
വടക്കാഞ്ചേരി പീഡനക്കേസില്‍ ഭാഗ്യലക്ഷ്മിക്കൊപ്പം പാര്‍വതിയും ഇടപെട്ടല്ലോ. ആ കേസില്‍ നീതി പ്രതീക്ഷിക്കുന്നുണ്ടോ?
ഭാഗ്യച്ചേച്ചിയുമായി നേരത്തെ അടുപ്പമുണ്ടായിരുന്നു. വടക്കാഞ്ചേരിയിലെ പെണ്‍കുട്ടിയുടെ അവസ്ഥ ഫേസ്ബുക്കില്‍ അവര്‍ പോസ്റ്റ് ചെയ്തപ്പോള്‍ ഞാന്‍ ഷെയര്‍ ചെയ്തു.
പിന്നീടൊരു ദിവസം വിമന്‍സ്കോളജില്‍ പോയപ്പോഴാണ് ഭാഗ്യച്ചേച്ചി എന്നെ വിളിച്ചത്. പ്രസ് കോണ്‍ഫറന്‍സിന് വരാമോ എന്നു ചോദിച്ചപ്പോ ള്‍ ഞാനും പോയി. അതാണ് ആ കേസുമായുള്ള ബന്ധം.
ഇതുമായി ബന്ധപ്പെട്ട് മൊഴി നല്കാന് കഴിഞ്ഞ ദിവസം പോയിരുന്നു. അതിലെ സത്യാവസ്ഥ അന്വേഷിക്കേണ്ടത് പോലീസാണ്. ആണും പെണ്ണും ഇര തന്നെയാണ്. എന്നാല്‍ പോലീസ് തെറ്റായി അന്വേഷിക്കുന്നത് അംഗീകരിക്കാനാവില്ല.
സ്വന്തം കുട്ടികളെ അകറ്റിനിര്‍ത്തി എന്നായിരുന്നു ആ സ്ത്രീയുടെ ആരോപണം. മക്കള്‍ രണ്ടുപേരും ഇപ്പോള്‍ അവര്‍ക്കൊപ്പമുണ്ട്. എറണാകുളത്ത് ഒരു കടയും ഇട്ടുകൊടുത്തിട്ടുണ്ട്. ഇപ്പോള്‍ ജീവിക്കാനുള്ള വകയായി. ഇനിയെങ്കിലും സമാധാനമായി ജീവിക്കട്ടെ.
സ്ത്രീസുരക്ഷയ്ക്കുള്ള സര്‍ക്കാര്‍ നടപടികള്‍ ഫലം കാണുന്നുണ്ടോ?
ഒരുപാട് കാര്യങ്ങള്‍ സര്‍ക്കാരിന് ചെയ്യാനുണ്ട്. നിയമത്തിലെ പഴുതുകള്‍ ആദ്യം അടയ്ക്കണം. തൊണ്ണൂറുശതമാനം കേസുകളും താഴത്തെ കോടതികളില്‍നിന്ന് തള്ളിപ്പോവുകയാണ്.