ന്യൂഡല്‍ഹി: ദക്ഷിണേന്ത്യക്കാര്‍ക്കെതിരെ വംശീയ പരാമര്‍ശം നടത്തിയ ബി.ജെ.പി നേതാവ് തരുണ്‍ വിജയ്ക്കെതിരെ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം. ബി.ജെ.പി, ആര്.എസ്.എസ് അംഗങ്ങള്‍ മാത്രമാണ് ഇന്ത്യക്കാരെന്ന് തരുണ്‍ വിജയ് കരുതുന്നുണ്ടോയെന്ന് ചിദംബരം ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു ചിദംബരത്തിന്റെ പരാമര്‍ശം.
കറുത്തവരായ ദക്ഷിണേന്ത്യക്കാര്‍ക്കൊപ്പം താമസിക്കുന്ന തങ്ങള്‍ വംശീയവാദികളല്ലെന്നായിരുന്നു തരുണ്‍ വിജയിയുടെ പ്രസ്താവന. ആഫ്രിക്കന്‍ വംശജര്‍ക്കെതിരെ നോയിഡയില്‍ നടന്ന ആക്രമണത്തെക്കുറിച്ച് നടന്ന ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിക്കവെയാണ് തരുണ്‍ വിജയ് ദക്ഷിണേന്ത്യക്കാര്‍ക്കെതിരെ വംശീയ പരാമര്‍ശം നടത്തിയത്. പരാമര്‍ശം വിവാദമായതോടെ വിജയ് മാപ്പ് പറഞ്ഞിരുന്നു.
ബി.ജെ.പിക്കാരുടെ മനോഭാവത്തിന്റെ പ്രതിഫലനമാണ് തരുണ്‍ വിജയിയുടെ പ്രസ്താവനയെന്ന് കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. പ്രസ്താവന അപലപിക്കുന്നു. ഇന്ത്യക്കാരെ പോലും വേര്‍തിരിച്ച് കാണുന്ന മനോഭാവമാണ് ബി.ജെ.പി നേതാക്കള്‍ക്കെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
ആര്.എസ്.എസിന്റെ അജണ്ടയാണ് തരുണ്‍ വിജയിയുടെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നതെന്ന് സി.പി.ഐ നേതാവ് ഡി. രാജ പറഞ്ഞു. ബി.ജെ.പി ഇത് തള്ളിപ്പറയണമെന്നും ഡി. രാജ കൂട്ടിച്ചേര്‍ത്തു.






