റായ്പൂര്‍: ഒരു റോഡപകടത്തിന്റെ വാര്‍ത്ത വായിച്ചു കൊണ്ടിരിക്കെയാണ് കൊല്ലപ്പെട്ടത് തന്റെ ഭര്‍ത്താവ് തന്നെയാണെന്ന് സര്‍പ്രീത് കൗര്‍ എന്ന വാര്‍ത്താ അവതാരക തിരിച്ചറിഞ്ഞത്. എങ്കിലും ഒരു തുള്ളി കണ്ണുനീര് പോലും പൊഴിക്കാതെ അവര്‍ ആ വാര്‍ത്ത വായിച്ചു തീര്‍ത്തു. ഛത്തീസ്ഗഡിലെ സ്വകാര്യ വാര്‍ത്താ ചാനലായ ഐ.ബി.സി 24ലെ അവതാരകയാണ് സര്‍പ്രീത് കൗര്‍.
ശനിയാഴ്ച രാവിലെ കൗര്‍ വാര്‍ത്ത വായിച്ചു കൊണ്ടിരിക്കെയാണ് മഹാസ്മുന്ദ് ജില്ലയിലുണ്ടായ വാഹനാപാകടത്തെക്കുറിച്ച് റിപ്പോര്‍ട്ട് വരുന്നത്. റിനോള്‍ട്ട് ഡസ്റ്റര്‍ കാറാണ് അപകടത്തില്‍പ്പെട്ടതെന്ന് റിപ്പോര്‍ട്ടര്‍ വിളിച്ചു പറഞ്ഞു. ഡസ്റ്ററില്‍ സഞ്ചരിച്ച അഞ്ചില്‍ മൂന്ന് പേരും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടര്‍ വിവരം കൈമാറി. മരിച്ചവരില്‍ തന്റെ ഭര്‍ത്താവും ഉള്‍പ്പെടുന്നുണ്ടെന്ന് തൊട്ടടുത്ത നിമിഷം കൗര്‍ തിരിച്ചറിഞ്ഞു. മഹാസ്മുന്ദ് ജില്ലയിലെ പിതറയിലാണ് അപകടമുണ്ടായത്.
ഇതേ സമയം തന്റെ ഭര്‍ത്താവും ഡസ്റ്റര്‍ കാറില്‍ ഇതേ റോഡില്‍ സഞ്ചരിക്കുന്നുണ്ടെന്ന് കൗറിന് അറിയാമായിരുന്നു. തൊട്ടടുത്ത നിമിഷം ഒരു ഞെട്ടലോടെ കൗര്‍ തിരിച്ചറിഞ്ഞു മരിച്ചത് തന്റെ ഭര്‍ത്താവ് ഹര്‍സദ് കവാദ് തന്നെ. എങ്കിലും വാര്‍ത്ത വായിച്ച് കഴിഞ്ഞാണ് കൗര്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്നും എഴുന്നേറ്റതും കരഞ്ഞതും. 28കാരിയായ കൗര്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഐ.ബി.സി 24 ചാനലില്‍ മാധ്യമപ്രവര്‍ത്തകയാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു വിവാഹം.






