
ലോകത്തിലെ ഏറ്റവും വലിയ ആരാച്ചാര്‍മാര്‍ കമ്യൂണിസ്റ്റ് ചൈനാക്കാര്‍. ഇന്ത്യാക്കാര്‍ വധശിക്ഷ നടപ്പാക്കാത്ത ദയാലുക്കളുടെ പട്ടികയില്‍ എത്തിയപ്പോള്‍ പാകിസ്താനും ഇറാനും സൗദിയും ഇറാഖും കൂടി ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളായി മാറി. കഴിഞ്ഞവര്‍ഷം ലോകത്തുടനീളമായി വധശിക്ഷയില്‍ 37 ശതമാനം ഇളവ് വന്നതായ ആംനസ്റ്റി റിപ്പോര്‍ട്ടാണ് ഈ വിവരം പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം 23 രാജ്യങ്ങളിലായി 1,032 വധശിക്ഷകള്‍ മാത്രമാണ് നടന്നതെന്നും ഇത് 2015 ല്‍ 25 രാജ്യങ്ങളിലായി നടന്ന 1,634 എണ്ണത്തെ അപേക്ഷിച്ച് വളരെ കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ആരാച്ചാര്‍ ചൈനയായിരുന്നു. ആയിരക്കണക്കിന് വധശിക്ഷ ചൈന നടപ്പാക്കി. എന്നിരുന്നാലും 1,032 ന്റെ കണക്കുകളില്‍ ചൈനയെ പെടുത്തിയിട്ടില്ല. അതേസമയം കഴിഞ്ഞ വര്‍ഷം ഒരു വധശിക്ഷ പോലും നടപ്പിലാക്കാത്ത രാജ്യം ഇന്ത്യയായിരുന്നു. എന്നാല്‍ 136 വധശിക്ഷ വിവിധ കേസുകളില്‍ വിധിക്കുക ഉണ്ടായെങ്കിലും ഒരെണ്ണം പോലും നടപ്പാക്കിയില്ല. ചില രാജ്യങ്ങളില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് പോലും വധശിക്ഷ നല്കുകയുണ്ടായി.
മൊത്തം വധശിക്ഷയില്‍ 87 ശതമാനവും നടപ്പിലായത് ഇറാന്, സൗദി, ഇറാഖ്, പാകിസ്താന് എന്നീ നാല് ഇസ്ളാമിക രാജ്യങ്ങളിലായിരുന്നു. തലവെട്ട്, തൂക്കിക്കൊല്ലല്‍, വിഷം കുത്തിവെയ്ക്കല്‍, വെടിവെച്ചു കൊല്ലല്‍ എന്നിവയായിരുന്നു വധശിക്ഷയ്ക്ക് അവലംബിച്ച രീതികള്‍. ഈ വര്‍ഷം അവസാനത്തോടെ 18,848 പേരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. ഇറാനിലും വടക്കന്‍ കൊറിയയിലുമായി 33 പരസ്യമായ വധശിക്ഷ നടന്നു.
എല്ലാ കുറ്റകൃത്യങ്ങളില്‍ നിന്നും വധശിക്ഷ എടുത്തുമാറ്റിയ 102 മറ്റ് രാജ്യങ്ങളില്‍ ബെനിനും നൗറുവും ഉള്‍പ്പെട്ടു. ഏഷ്യാ പസഫിക് മേഖലകളില്‍ 12 രാജ്യങ്ങളില്‍ 367 വധശിക്ഷ നടന്ന സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 11 രാജ്യങ്ങളില്‍ 130 ആയി കുറഞ്ഞു.
പാകിസ്താനിലും വധശിക്ഷയില്‍ കുറവ് വന്നിട്ടുണ്ട്. 239 എണ്ണം മാത്രം നടന്നപ്പോള്‍ 73 ശതമാനമാണ് കുറവ് വന്നത്. വധശിക്ഷയുടെ കാര്യത്തില്‍ ആദ്യ അഞ്ചില്‍ ഉണ്ടായിരുന്ന അമേരിക്ക ആദ്യമായി ഇതില്‍ നിന്നും പുറത്തുകടന്നു. 20 വധശിക്ഷയാണ് നടപ്പിലായത്. യുറോപ്പില്‍ ബലാറസും കസഖിസ്ഥാനും മാത്രമാണ് വധശിക്ഷ നടപ്പിലാക്കിയ രാജ്യങ്ങള്‍. മദ്ധ്യേഷ്യയിലും വടക്കന്‍ ആഫ്രിക്കയിലുമായി 28 ശതമാനം വധശിക്ഷ കുറയുകയും 2015 ല്‍ 1,196 ആയിരുന്നത് 2016 ല്‍ 856 ആയി കുറയുകയും ചെയ്തു.






