
ന്യൂഡല്‍ഹി: ഭക്ഷണം പാഴാക്കുന്നത് തടയാനുള്ള നീക്കവുമായി കേന്ദ്ര പൊതുവിതരണമന്ത്രി രാം വിലാസ് പാസ്വാന്. ഹോട്ടലുകളിലൂം റെസ്റ്റോറന്റുകളിലും വിളമ്പുന്ന ഭക്ഷണത്തിന്റെ അളവ് നിശ്ചയിക്കാന്‍ യോഗം ചേരുകയാണ് മന്ത്രി. ഒരു പ്ലേറ്റില്‍ 'എത്രമാത്രം ചിക്കനും ചെമ്മീനും വിളമ്പണമെന്ന്' ഹോട്ടല്‍ വ്യവസായികളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകും.
മിക്ക ഹോട്ടലുകളിലും വിളമ്പുന്ന ഭക്ഷണത്തില്‍ വളരെയധികം പാഴാക്കുന്നതായി വിവരമുണ്ട്. അതുകൊണ്ടാണ് ഹോട്ടല്‍, റെസ്റ്റോറന്റ് ഉടമകളെ യോഗത്തിന് വിളിച്ചത്. എന്നാല്‍ ഭക്ഷണം നിയന്ത്രിക്കാന്‍ താന്‍ ഇടപെടില്ലെന്നും പാസ്വാന് പറഞ്ഞു. ഓരോ ഹോട്ടലിലും ഉപഭോക്താക്കള്‍ക്ക് എത്രമാത്രം ഭക്ഷണം വിളമ്പുന്നുണ്ടെന്നും അതില്‍ എത്രമാത്രം കഴിക്കുന്നുണ്ടെന്നും വ്യക്തമാക്കണമെന്ന് ആവശ്യപ്പെടും. ഇതു സംബന്ധിച്ച് ഒരു ചോദ്യവലി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇക്കഴിഞ്ഞ റേഡിയോ പരിപാടിയായ മന് കി ബാത്തിലും ഭക്ഷണം പാഴാക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആവശ്യമുള്ളതില്‍ ഏറെ നാം പ്ലേറ്റില്‍ വിളമ്പുന്നു. എന്നാല്‍ അത് കഴിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഭക്ഷണം പാഴാക്കുന്നത് നിര്‍ത്തിയാല്‍ പാവങ്ങളെ പോറ്റാന്‍ കഴിയുമെന്നും മോഡി പറഞ്ഞിരുന്നു.






