
തിരുവനന്തപുരം: ബണ്ടിചോര്‍ എന്ന വാഹനകള്ളനെ സൂക്ഷിക്കാന്‍ പറ്റിയ തടവറകള്‍ രാജ്യത്തുണ്ടായിട്ടില്ലെന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി നമ്മുടെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പുറംലോകം ഒന്നു കാണാന്‍ പോലും കഴിയാതെ വിഷമിച്ച് കഴിയുകയായിരുന്നു ബണ്ടി. ഇയാളെ സ്ഥിരം കുറ്റവാളിയായി വിധിക്കണമെന്ന പ്രോസിക്യൂഷന് ആവശ്യം കോടതി അംഗീകരിച്ചില്ലെങ്കില്‍ വിധിവന്നാലുടന് ബണ്ടിചോറിന് ജയില്‍ മോചിതനാകാനാകുമായേക്കും. എന്തെന്നാല്‍ അയാള്‍ ചെയ്ത കുറ്റത്തിന് ലഭിക്കാവുന്ന ശിക്ഷാകാലാവധിയെക്കാള് ജയിലില്‍ കഴിച്ചുകൂട്ടിയെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്. എന്തായാലും ഒരു പ്രശ്നവുമുണ്ടാക്കാതെ ബണ്ടിചോറിനെ നാലുവര്‍ഷം സൂക്ഷിച്ചുവെന്നതില് നമുക്ക് അഭിമാനിക്കാം. വിക്രമാദിത്യ കഥകളിലെ സാങ്കല്‍പ്പിക കള്ളന്മാരെ വെല്ലുന്ന പാടവമാണ് മോഷണത്തിലും അതുപോലെ ജയിലില്‍ നിന്നും രക്ഷപ്പെടുന്നതിനും ബണ്ടി ചോര്‍ പ്രകടിപ്പിച്ചിരുന്നത്. അന്താരാഷ്ട്ര കുറ്റവാളിയായ ചാള്‍സ് ശോഭരാജിനെ കാണുമ്പോള്‍ ജയിലറകള്‍ താനെ തുറക്കുമെന്നാണ് ഒരുകാലത്ത് പറഞ്ഞിരുന്നത്. അതുപോലെയല്ലെങ്കിലും ബണ്ടി ചോറിനെ സൂക്ഷിക്കാന്‍ പറ്റിയ ഒരു ജയിലറയും ഇന്ത്യയിലില്ലെന്നതാണ് സത്യം.
ഒരിക്കല്‍ ചണ്ഡിഗഡിലെ ജയിലില്‍ നിന്നും രക്ഷപ്പെട്ട് ബാംഗ്ലൂരിലെത്തി പിടിയിലായ ബണ്ടിയെ ശിക്ഷിച്ച് ജയിലിലയക്കാന്പോലും ജഡ്ജിക്ക് ഭയമായിരുന്നു. ഒടുവില്‍ നിവര്‍ത്തിയില്ലാതെ കോടതി ഇയാളെ ബല്‍ഗാവിലെ ജയിലിലേക്ക് അയച്ചു. ജയിലിലാണെങ്കിലും തന്റെ ആഗ്രഹങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും തടസമുണ്ടാക്കാന്‍ ബണ്ടി അനുവദിക്കുമായിരുന്നില്ല. സഞ്ജയ് ദത്തിന്റെ ആരാധകനായ ബണ്ടി തന്റെ ഇഷ്ടനായകന്റെ സിനിമയുടെ പ്രത്യേക ഷോ പോലും ജയിലില്‍ നടത്തിച്ചു. 1994ല്‍ ചണ്ഡിഗഡ് ജയിലിലായിരുന്നപ്പോഴാണ് ബണ്ടി തന്ത്രം പയറ്റിയത്. ജയിലുകളില്‍ നിന്ന് രക്ഷപ്പെടാനായി തന്റെ പക്കല്‍ ഒരു പെട്ടി ആശയങ്ങളുണ്ടെന്ന് ബണ്ടി ജയില്‍ വാര്‍ഡനെ അറിയിച്ചു. ബണ്ടിയെ അറിയാമായിരുന്ന വാര്ഡന് അതുകേട്ട് ആകെ അങ്കലാപ്പിലായി. അത്തരമൊരു ഐഡിയ പറഞ്ഞുതരാന്‍ ആവശ്യപ്പെട്ടു. അവിടെയുണ്ടായിരുന്ന ഹാന്‍ഡ് പമ്പ് ചൂണ്ടി ബണ്ടി പറഞ്ഞു, ഇവിടെ ഇത്തരത്തില്‍ നിരവധി പമ്പുകളുണ്ട്. അതിന്റെ കുഴലുകള്‍ അങ്ങ് ഭൂമിക്ക് താഴെ പോയിട്ടുണ്ട്. അതിലൊന്ന് താന്‍ പൊട്ടിച്ചെടുത്ത് അരിക് വളച്ച് മതില് കയറാന്‍ ഉപയോഗിച്ച് രക്ഷപ്പെടും. ഇതുകേട്ട് ഭയന്ന വാര്ഡന് പമ്പ് ഇളക്കി മാറ്റാന്‍ നിര്‍ദ്ദേശിച്ചു. അത് കഴിഞ്ഞയുടനെ ബണ്ടി വാര്‍ഡനെ ബ്ലാക്ക്മെയില്‍ചെയ്യാന്‍ തുടങ്ങി. തനിക്ക് പ്രിയങ്കരമായ ഓഡിയോ ടേപ്പുകളും ഇഷ്ടനായകന്റെ ചിത്രമായ ഖല്നായിക്കിന്റെ പ്രത്യേക ഷോയും ഇതിലൂടെ സംഘടിപ്പിച്ചെടുത്തു. ബല്‍ഗാം ജയിലിലും വാര്‍ഡനെ വരുതിയിലാക്കി ബണ്ടി തന്റെ താല്പര്യങ്ങള് നേടിയെടുത്തു. തന്റെ ഗേള്‍ഫ്രണ്ടിനെ നഷ്ടപ്പെട്ടിരിക്കുകയാണെന്നും അതുകൊണ്ട് താന്‍ എപ്പോള്‍ വേണമെങ്കിലും ഇവിടെ നിന്നും രക്ഷപ്പെട്ടുപോകുമെന്നും അയാള്‍ ഭീഷണി മുഴക്കി. ആകെ ഭയന്ന വാര്ഡന് ബണ്ടി ചോദിച്ചതെല്ലാം നല്കി. പക്ഷേ ഇതൊന്നും ഇവിടെ വിലപോയിട്ടില്ലെന്നാണ് ജയില്‍ വൃത്തങ്ങള്‍ പറയുന്നത്.
ബണ്ടി ചോര്‍ എന്ന സൂപ്പര്‍ കള്ളന്റെ മാനസഗുരു സ്വന്തമായി നിയമന ഉത്തരവ് തയാറാക്കി കോടതിപോലും നടത്തിയ ഒരു വിരുതനായിരുന്നു. ജില്ലാ ജഡ്ജിയോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കുവാന്‍ കള്ള രേഖയുണ്ടാക്കി നിര്‍ദ്ദേശിച്ചശേഷം തന്നെ ആ സ്ഥാനത്ത് നിയമിച്ചുകൊണ്ടുള്ള രേഖ ചമച്ചു. പിന്നീട് 40 ദിവസം ആ കോടതി നടത്തി, 200ലധികം ക്രിമിനലുകള്‍ക്ക് പണം വാങ്ങി ജാമ്യം അനുവദിച്ച തട്ടിപ്പുകാരുടെ രാജാവായ ധനി റാം മിത്തല്‍ എന്ന 79 കാരനാണ് ബണ്ടി ചോറിന്റെ മാനസഗുരു.
2012 ജൂലൈയില്‍ പിടിയിലായപ്പോഴാണ് ഡല്‍ഹി സോണാപെട്ട് സ്വദേശിയായ മിത്തല്‍ തന്റെ വിദ്യ പോലീസിനോട് വിവരിച്ചത്. 1970ല്‍ ഹരിയാനയിലെ ജഞ്ചാര് ജില്ലയിലെ ജഡ്ജിയോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള കള്ള ഉത്തരവുണ്ടാക്കി നല്‍കിയത്. പിന്നീട് സ്വയം ആ സ്ഥാനത്ത് അവരോധിതനായി, ഇന്ത്യന്‍ ജുഡീഷ്യറിക്ക് തന്നെ ഇദ്ദേഹം വില പറഞ്ഞുവെന്നതാണ് രസം. കഴിഞ്ഞ 48 വര്‍ഷമായി വാഹനമോഷണം, തട്ടിപ്പ്, പറ്റിപ്പ് തുടങ്ങി എല്ലാ വിധ തരികിടകളുടെയും ഉസ്താദായാണ് മിത്തല്‍ വിലസിയത്. ബി.എസ്സി ബിരുദധാരിയായ മിത്തല്‍ വക്കീല്‍ ഗുമസ്തനായാണ് ജീവിതം തുടങ്ങിയത്. പിന്നീട് 1970ല്‍ നിയമ ബിരുദവും നേടി. അതിനുശേഷമാണ് തട്ടിപ്പിനിറങ്ങിയത്. മോഷ്ടിക്കേണ്ട കാര്‍ ആദ്യം മാര്‍ക്ക് ചെയ്യും. പിന്നീട് തന്റെ വാഹനം അതിനടുത്ത് പാര്‍ക്ക് ചെയ്യും. ഏതു വാഹനവും തുറക്കാന്‍ കഴിയുന്ന ഒരു മാസ്റ്റര്‍ താക്കോലും ഇയാള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതുപയോഗിച്ച് പതുക്കെ കണ്ണുവച്ച കാര്‍ തുറന്ന് സ്വന്തംപോലെ കൊണ്ടുപോകും. ഇതിനിടയില്‍ പിടിയിലായാല്‍ വാഹനം മാറിപ്പോയതാണെന്ന് പറഞ്ഞ് തടിതപ്പും. കോടതി പരിസരത്ത് പാര്‍ക്കുചെയ്തിരിക്കുന്ന കാറുകളാണ് മിത്തല്‍ പ്രധാനമായും കണ്ണുവയ്ക്കുന്നത്. മോഷ്ടിച്ച വാഹനത്തിന്റെ എല്ലാ രേഖകളും വ്യാജമായി തയാറാക്കിയാണ് ഇവ വില്‍ക്കുന്നത്. മിത്തലിനെയാണ് ബണ്ടി ചോര്‍ മാതൃകയാക്കിയതെന്നാണ് പോലീസ് പറയുന്നത്. മിത്തല്‍ വ്യാജരേഖയുടെ ഉസ്താദായിരുന്നെങ്കില് ബണ്ടി മറ്റു പല മേഖലയിലെയും സുല്‍ത്താനാണ്.
ബല്‍ഗാവിലെ ജയിലില്‍ വച്ചാണ് ബണ്ടി കവര്‍ച്ചയില്‍ തന്റെ സുഹൃത്തായ വിക്രമിനെ പരിചയപ്പെടുന്നത്. പിന്നെ ജയിലില്‍ നിന്നും മോചിതരായ അവര്‍ ഡല്‍ഹിയില്‍ മടങ്ങിയെത്തി 2000 മുതല്‍ ഒരു വേട്ട തന്നെ നടത്തി. ആഡംബരക്കാറുകളോടുള്ള പ്രിയം മൂലം തെക്കന്‍ ഡല്‍ഹിയിലെ സമ്പന്ന മേഖലകളിലായിരുന്നു അന്ന് ബണ്ടിയുടെയും സുഹൃത്തിന്റെയും കണ്ണ്. മോഷണത്തിന് ബണ്ടിയുടേതായ ഒരു രീതിയുണ്ട്. ഒരു കാറുകണ്ടാല്‍, വീടുകണ്ടാല്‍ ഉടന്‍ കയറി കക്കുകയെന്നതല്ല, ആ തന്ത്രം. ദിവസങ്ങളോളം കണ്ണുവച്ചിരിക്കുന്ന വീട് നിരീക്ഷിക്കും. വിലകൂടിയ ട്രാക്ക് സ്യൂട്ടും ഷൂസുമൊക്കെ ധരിച്ച് ഒരു ടെന്നീസ് കളിക്കാരനെപ്പോലെ റാക്കറ്റും പിടിച്ച് ആ പ്രദേശം നിരീക്ഷിക്കാനായി നടക്കാനിറങ്ങും. പിന്നെ എല്ലാം ഒത്തുവരുമ്പോള്‍ ആ വീട്ടിലെ ഒരംഗത്തെപ്പോലെ നേരെ കടന്നുചെല്ലും. എടുക്കേണ്ടത് എടുത്ത് സ്ഥലം വിടുകയും ചെയ്യും. അതുകൊണ്ടു തന്നെ പോലീസിനോ ആ പ്രദേശത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കോ ഒരു സംശയവും ഉണ്ടാകാറുമില്ല.
ഒരിക്കല്‍ കണ്ണുവച്ച ഒരു വീട് കൊള്ളചെയ്യാനായി, ബണ്ടി ചെയ്തത് ആ വീട്ടിലെ ഉടമസ്ഥനുള്ളതുപോലുള്ള ഒരു കാര്‍ മോഷ്ടിച്ച് അതുപോലുള്ള നമ്പര്‍ പ്ലേറ്റും പിടിപ്പിച്ചു. എന്നിട്ട് വീടിനു പുറത്തു വന്നുനിന്ന് ഹോണ്‍ മുഴക്കി. സംശയം തോന്നാതിരുന്ന സെക്യൂരിറ്റി വാതില്‍ തുറന്നുകൊടുത്തു. അകത്തു കടന്ന ബണ്ടി അവിടെ വീട്ടുജോലിക്കാരിയെ കണ്ടു. ഒരു ഗ്ലാസ് ചൂട് പാല് അവരോട് ആവശ്യപ്പെട്ടു. ജോലിക്കാരി പാല് എടുക്കാന്‍ പോകുന്നതിനിടയില്‍ കിടക്കമുറിയില് കടന്ന് ബണ്ടി തനിക്ക് വേണ്ടതെല്ലാം എടുത്തു. തിരിച്ചുവന്ന് ജോലിക്കാരിയുടെ കൈയില്‍ നിന്ന് പാലും വാങ്ങിക്കുടിച്ചാണ് ബണ്ടി മടങ്ങിയത്. ഒരു തിരിച്ചറിയല്‍ രേഖയും സൂക്ഷിക്കാത്ത ബണ്ടി തന്റെ പണത്തിന്റെ ഇടപാടുകളെല്ലാം സുഹൃത്തായ വിക്രമിനെയാണ് ഏല്‍പ്പിച്ചിരുന്നത്. ഇടയ്ക്ക് ബണ്ടിക്ക് ഒളിവില്‍ പോകേണ്ടി വന്നപ്പോള്‍ വിക്രം എല്ലാംകൊണ്ട് മുങ്ങി. അയാള്‍ നോയിഡയില്‍ ഒരു വമ്പന്‍ റെസ്റ്റോറണ്ടും അതുകൊണ്ടു തുടങ്ങി. പണം നഷ്ടപ്പെട്ടതില്‍ ബണ്ടിക്ക് ദുഃഖമില്ല, എപ്പോള്‍ വേണമെന്നു തോന്നുവോ അപ്പോള്‍ അതെല്ലാം തിരിച്ചെടുക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതാണ് ബണ്ടിയുടെ രീതി. പോലീസിന്റെ കണക്കനുസരിച്ച് ബണ്ടി മോഷണത്തിലൂടെ കോടികള്‍ സമ്പാദിച്ചിട്ടുണ്ട്. മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ പണത്തിനുവേണ്ടി മാത്രമല്ല, ചിലപ്പോള്‍ സമയംകൊല്ലാനും ബണ്ടി മോഷണംനടത്താറുണ്ടെന്നാണ് പോലീസ് റെക്കാഡ്. മറ്റു ക്രിമിനലുകളെ അപേക്ഷിച്ച് ബണ്ടി വളരെ സ്മാര്‍ട്ടും സത്യസന്ധനുമാണ്. അദ്ദേഹം ഒരിക്കലും മോശപ്പെട്ട ഭാഷ ഉപയോഗിക്കാറില്ല. ചെയ്തകാര്യങ്ങള്‍ അതുപോലെ അംഗീകരിക്കുകയും ചെയ്യും. അതാണ് പലരും ഇദ്ദേഹത്തെ അംഗീകരിക്കുന്നത്. ദാവൂദിന് ചോദിക്കുന്ന പണം നല്കാത്തതുകൊണ്ട് ബോംബേയിലെ ഹോട്ടലുകളില്‍ ബോംബ് വയ്ക്കാന്‍ അധോലോക സംഘം തന്നെ സമീപിച്ചിരുന്നതായും ബണ്ടി വെളിപ്പെടുത്തിയിട്ടുണ്ട്.






