കോഴിക്കോട്: പി.എസ്.സി. അംഗത്വം വാഗ്ദാനം ചെയ്ത് ഡോക്ടറില്‍ നിന്ന് 22 ലക്ഷം കോഴ വാങ്ങിയെന്ന ആരോപണത്തില്‍ സി.പി.എം. നേതാവ് പ്രമോദ് കോട്ടൂളി ജില്ലാ നേതൃത്വത്തിന് വിശദീകരണം നല്കി.
ഇന്നലെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയാണ് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗമായ പ്രമോദ് വിശദീകരണം നല്‍കിയത്. ചൊവ്വാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന്റെ തീരുമാനപ്രകാരമാണ് പ്രമോദിനോട് വിശദീകരണം ആവശ്യപ്പെട്ടത്. വിശദീകരണം പരിശോധിച്ചശേഷം പാര്‍ട്ടി നടപടികള്‍ വേണോ എന്നകാര്യം തീരുമാനിക്കും. ഇതിനായി നാളെ ജില്ലാ കമ്മിറ്റി ചേരുന്നുണ്ട്. കോഴയായി വാങ്ങിയ തുക തിരിച്ചു കിട്ടിയ സാഹചര്യത്തില്‍ പരാതി ഇല്ലെന്ന് തട്ടിപ്പിനിരയായ വനിത ഡോക്ടറുടെ കുടുംബം പോലീസിനെ അറിയിച്ചിട്ടുണ്ട്. പി.എസ്.സി. കോഴ വിവാദം മറച്ചുവച്ച് മറ്റു കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രമോദിനെതിരെ നടപടിയെടുക്കാനാണ് പാര്‍ട്ടിയില്‍ ആലോചന.
അതേസമയം, പി.എസ്.സി. കോഴ ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആരോപണ വിധേയനായ സി.പി.എം. നേതാവ് പ്രമോദ് കോട്ടൂളി രംഗത്തെത്തി. പാര്‍ട്ടിയുടെ മുഖമാണ് ആരോപണത്തിലൂടെ വികൃതമായെതെന്നും പാര്‍ട്ടി അന്വേഷണത്തിനൊപ്പം തന്നെ ഭരണതലത്തിലുള്ള അന്വേഷണം വേണമെന്നും പ്രമോദ് പറഞ്ഞു. അന്വേഷണം നടത്തി ആരോപണത്തില്‍ വ്യക്തത വരുത്തണം. പാര്‍ട്ടി നടപടികളോട് സഹകരിക്കും. തന്നെ മനസിലാക്കാതെയാണ് ആഡംബര ജീവിതം നയിക്കുന്നു, റിയല്‍ എസേ്റ്ററ്റ് മാഫിയയുമായി ബന്ധമുണ്ട് എന്നെല്ലാം പറയുന്നത്.
