അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ കണ്ടത് കുപ്രസിദ്ധ മോഷ്ടാവായ ബണ്ടി ചോര്‍ അല്ലെന്ന് സ്ഥിരീകരിച്ച് പോലീസ്. ബണ്ടി ചോറിന്റെ രൂപ സാദൃശ്യമുള്ള മാവേലിക്കര സ്വദേശി ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്സിലെ ഉദ്യോഗസ്ഥനെയാണ് കണ്ടതെന്ന് അമ്പലപ്പുഴ പോലീസ് വ്യക്തമാക്കി. നീര്‍ക്കുന്നത്തെ ബാറില്‍ നിന്നായിരുന്നു ബണ്ടി ചോറിന്റെ രൂപ സാദൃശ്യമുള്ളയാളുടെ ദൃശ്യം കഴിഞ്ഞ ദിവസം ലഭിച്ചത്.
തുടര്‍ന്നായിരുന്നു പോലീസ് അന്വേഷണം ആരംഭിച്ചത്. ബാറില്‍ നിന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. സംശയം തോന്നിയ ബാര്‍ജീവനക്കാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വണ്ടാനത്തും സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിലും പരിശോധന നടത്തിയ പോലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.
ബണ്ടി ചോര്‍ അവസാനമായി കോയമ്പത്തൂര്‍ ജയിലിലായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. ഇയാള്‍ ജയില്‍ മോചിതനായോ എന്നും പോലീസ് പരിശോധിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് ഹൈടെക് കള്ളനെന്ന് അറിയപ്പെടുന്ന ബണ്ടി ചോര്‍. തിരുവനന്തപുരത്തെ മോഷണക്കേസില്‍ കേരളത്തിലും ഇയാള്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
