
വാഷിങ്ടണ്‍: ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്കയ്ക്കു പ്രതിദിനച്ചെലവ് ഒരു ബില്യണ്‍ (100 കോടി) ഡോളര്‍! 1100 ജോയിന്റ് എയര്‍ ടു സര്‍ഫസ് മിസൈലുകളാണ് യുദ്ധത്തില്‍ യു.എസ്. ഇതുവരെ തൊടുത്തത്. ഈ വിഭാഗത്തില്‍പ്പെട്ട ഒരു മിസൈലിന് ഏകദേശം 11 ലക്ഷം ഡോളറാണ് വില. 960 കിലോമീറ്ററാണ് മിസൈലിന്റെ ദൂരപരിധി.
യു.എസ്. പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ വൃത്തങ്ങളുടെ കണക്കുപ്രകാരം സ്റ്റെല്‍ത്ത് ക്രൂയിസ് വിഭാഗത്തില്‍പ്പെട്ട ഈ മിസൈലുകള്‍ 1500 എണ്ണം മാത്രമാണ് ഇനി ബാക്കിയുള്ളത്. 1000 ടോമാഹോക്ക് ക്രൂയിസ് മിസൈലുകളും ഇറാനെതിരേ പ്രയോഗിച്ചു. യു.എസ്. പ്രതിവര്‍ഷം സംഭരിക്കുന്ന ടോമാഹോക്ക് മിസൈലുകളുടെ 10 മടങ്ങാണിത്. ചെലവ് ഒന്നിന് ഏകദേശം 36 ലക്ഷം ഡോളര്‍.
ടോമാഹോക്ക് മിസൈലുകള്‍ മൂവായിരത്തോളം മാത്രമാണ് ഇനി യു.എസിന്റെ പക്കല്‍ ശേഷിക്കുന്നതെന്ന് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് (സി.എസ്.ഐ.എസ്) നടത്തിയ പഠനത്തില്‍ വ്യക്തമായി. പശ്ചിമ പസഫിക്കില്‍ വലിയൊരു യുദ്ധം നേരിടേണ്ടിവന്നാല്‍ ഇത് അപര്യാപ്തമാണ്. ഇറാന്റെ മിസൈലുകളും ഡ്രോണുകളും ചെറുക്കാന്‍ 1200-ല്‍ ഏറെ പാട്രിയട്ട് പ്രതിരോധ മിസൈലുകളാണ് യു.എസ്. വിന്യസിച്ചിട്ടുള്ളത്. ഒന്നിന് ചെലവ് 40 ലക്ഷം ഡോളറിലേറെ. കഴിഞ്ഞവര്‍ഷം 600 പാട്രിയട്ട് മിസൈലുകളാണ് യു.എസ്. നിര്‍മിച്ചത്.
1000 പ്രിസിഷന്‍ സ്ട്രൈക്ക് ആന്‍ഡ് എ.ടി.എ.സി.എം.എസ്. മിസൈലുകളും ഇറാന് യുദ്ധത്തില്‍ യു.എസ്. പുറത്തെടുത്തു. അമേരിക്കയ്ക്ക് ആവശ്യത്തിന് ആയുധശേഖരമുണ്ടെങ്കിലും കരയുദ്ധത്തിലും മിസൈല്‍ പ്രതിരോധത്തിലും നിര്‍ണായകമായ ചിലത് ഇറാന് യുദ്ധത്തിനു മുമ്പുതന്നെ കുറവായിരുന്നെന്ന് സി.എസ്.ഐ.എസ്. ഉപദേശകന് റിട്ട. മറീന്‍ കോര്‍പ്സ് കേണല്‍ മാര്‍ക്ക് കാന്സിയാന് പറഞ്ഞു.
വെടിനിര്‍ത്തലിനു മുമ്പുള്ള 38 ദിവസത്തെ യുദ്ധത്തില്‍ യു.എസിനു ചെലവ് 28-35 ബില്യണ്‍ (ശതകോടി) ഡോളറാണ്. അതായത് പ്രതിദിനം ഏകദേശം 100 കോടി ഡോളര്‍. ഇറാന് യുദ്ധത്തിനായി യൂറോപ്പ്, എഷ്യ കമാന്ഡുകളില്നിന്നുള്ള ആയുധങ്ങളും ആള്‍ബലവും യു.എസിനു വിന്യസിക്കേണ്ടിവന്നു. 4400 മറീനുകളെയാണ് പസഫിക് മേഖലയില്‍നിന്ന് പശ്ചിമേഷ്യയിലേക്കു നിയോഗിച്ചത്.






