ന്യുഡല്‍ഹി: വിവാഹമോചനത്തിനായി ദമ്പതികള്‍ കോടതിയെ സമീപിക്കുമ്പോള്‍ സാധാരണയായി ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം അല്ലെങ്കില്‍ മറ്റ് തര്‍ക്കങ്ങള്‍ എന്നിവയാണ് ആരോപിക്കാറുള്ളത്. എന്നാല്‍ മധ്യപ്രദേശില്‍ നിന്നുള്ള ഈ കേസില്‍, ഒരു സ്ത്രീ ആര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയാത്ത ഒരു മാര്‍ഗ്ഗമാണ് സ്വീകരിച്ചത്. വിവാഹമോചനം ഉറപ്പാക്കുന്നതിനായി സ്വന്തം ഭര്‍ത്താവിന്റെ സഹോദരിയെത്തന്നെ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായി അവര്‍ കോടതിയില്‍ ചിത്രീകരിച്ചു.
ഗ്വാളിയോര്‍ ഫാമിലി കോടതി നല്കിയ വിവാഹമോചന ഉത്തരവിനെ ഭര്‍ത്താവ് ഇപ്പോള്‍ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോര്‍ ബെഞ്ചില്‍ ചോദ്യം ചെയ്തിരിക്കുകയാണ്. ഭാര്യ തെറ്റായ തെളിവുകള്‍ നല്കി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിക്കുന്നു. തെറ്റായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി ഏകപക്ഷീയമായ വിവാഹമോചനം അനുവദിച്ചെന്ന് യുവാവ് ആരോപിച്ചു.
ഈ ബന്ധത്തില്‍ മക്കളുള്ള ദമ്പതികള്‍ 2015 മുതല്‍ വേര്‍പിരിഞ്ഞു താമസിക്കുകയാണ്. 1998-ലാണ് ഗ്വാളിയോര്‍ സ്വദേശിനിയായ യുവതിയും മാര്‍ക്കറ്റിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാവും തമ്മിലുള്ള വിവാഹം നടന്നത്. ജോലിയുടെ ഭാഗമായി ഭര്‍ത്താവ് പലപ്പോഴും വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നത് ദമ്പതികള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ക്ക് കാരണമായി. തുടര്‍ന്ന് എങ്ങനെയെങ്കിലും വിവാഹമോചനം വേണമെന്ന് ആഗ്രഹിച്ച യുവതി, 2021-ല്‍ കുടുംബ കോടതിയെ സമീപിക്കുകയും ഭര്‍ത്താവ് രണ്ടാമത് വിവാഹം കഴിച്ചുവെന്ന് ആരോപിക്കുകയും ചെയ്തു.
വിവാഹമോചനത്തിനായി യുവതി കോടതിയില്‍ ഹാജരാക്കിയത് ഒരു കുടുംബചിത്രമായിരുന്നു. ഭര്‍ത്താവും സഹോദരിയും മറ്റ് ബന്ധുക്കളും നില്ക്കുന്ന ചിത്രമാണിത്. ഈ ചിത്രത്തില്‍ ഭര്‍ത്താവിനൊപ്പം നില്‍ക്കുന്നത് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയാണെന്ന് യുവതി കോടതിയില്‍ വാദിച്ചു. ഈ ചിത്രം തെളിവായി സ്വീകരിച്ച കുടുംബ കോടതി, യുവതിയുടെ വാദം അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍, ഗ്വാളിയോര്‍ ഫാമിലി കോടതി ഏകപക്ഷീയമായി വിവാഹമോചനം അനുവദിച്ചു. തന്റെ ഭാഗം വിശദീകരിക്കാന്‍ ഭര്‍ത്താവിന് അവസരം ലഭിച്ചില്ല.
ഏപ്രില്‍ ആദ്യവാരത്തിലാണ് വിവാഹമോചന ഉത്തരവിനെക്കുറിച്ച് ഭര്‍ത്താവ് അറിയുന്നത്. കോടതി രേഖകള്‍ പരിശോധിച്ചപ്പോള്‍ തെളിവായി നല്കിയ ചിത്രം കണ്ട് അദ്ദേഹം ഞെട്ടിപ്പോയി. ചിത്രത്തില്‍ രണ്ടാം ഭാര്യയെന്ന് യുവതി അടയാളപ്പെടുത്തിയത് യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ സ്വന്തം സഹോദരിയെയായിരുന്നു. ഭാര്യ കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ ഈ വിവാഹമോചന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മധ്യപ്രദേശ് ഹൈക്കോടതി നിലവില്‍ ഈ കേസില്‍ വാദം കേള്‍ക്കുകയാണ്.






