
ഫിലാഡല്‍ഫിയ: ആദ്യ സമനിലയ്ക്ക് ശേഷം രണ്ടാം മത്സരത്തില്‍ ബ്രസീല്‍ യഥാര്‍ത്ഥ മുഖം പുറത്തെടുത്തതോടെ ഹെയ്തിക്കെതിരേ മിന്നും വിജയം. ഏകപക്ഷീയമായ മൂന്ന് ഗോളിന് ഹെയ്തിയെ പ്രസീല്‍ പരാജയപ്പെടുത്തി. മാത്യൂസ് ക്യൂണ ഇരട്ടഗോള്‍ നേടിയപ്പോള്‍ വിനീഷ്യസ് ജൂനിയര്‍ ഒരു ഗോള്‍ നേടി. ബ്രസീലിന്റെ തുടര്‍ച്ചയായുള്ള ആക്രമണങ്ങളില്‍ പടുകൂറ്റന്‍ സ്കോറില്‍ തോല്‍ക്കാതിരുന്നത് ഹെയ്തി പ്രതിരോധത്തിന്റെ മികവായിരുന്നു.
ദുര്‍ബ്ബലരായ എതിരാളികള്‍ക്ക് എതിരേ മനോഹരമായ ആക്രമണഫുട്ബോള്‍ കാഴ്ചവെച്ച ബ്രസീല്‍ പന്തടക്കത്തിലും അറ്റാക്കിലും മുന്നിലായിരുന്നു. കളിയുടെ 29 ാം മിനിറ്റില്‍ ബ്രസീല്‍ സ്കോര്‍ ചെയ്തു. ആ ഗോളില്‍ അവസാന ടച്ച് മാറ്റിയൂസ് ക്യൂണയുടേത് ആയിരുന്നെങ്കിലും യഥാര്‍ത്ഥത്തില്‍ ആ ഗോളിന് പിന്നില്‍ വിനീഷ്യസ് ആയിരുന്നു. താരത്തിന്റെ ആദ്യ ഷോട്ട് തടയാന്‍ ശ്രമിച്ച ഹാനസ് ഡെല്‍ക്രോയിക്സ് അടിച്ചകറ്റാന്‍ ശ്രമിച്ച പന്ത് കുന്‍ഹയുടെ കാല്‍മുട്ടില്‍ തട്ടി വലയിലേക്ക് കയറുകയായിരുന്നു.
36 ാം മിനിറ്റില്‍ ക്യൂണ വീണ്ടും സ്കോര്‍ ചെയ്തു. വിനീഷ്യസ് ജൂനിയറിന്റെ പാസ്സ് വാങ്ങി പന്തുമായി മുന്നേറിയ ക്യൂണ തന്റെ വല്ലാത്ത ഒരു ആംഗിളില്‍ നിന്നുകൊണ്ട് ഇടംകാലനടിയില്‍ വലയുടെ മുകളിലേക്ക് ഒരു മികച്ച ഫിനിഷിംഗ് നടത്തി. ബ്രസീല്‍ രണ്ടുഗോളുകള്‍ക്ക് മുന്നിലായി.
ആദ്യപകുതിയുടെ ഇഞ്ചുറിടൈമില്‍ വിനീഷ്യസ് ജൂനിയറും സ്കോര്‍ ചെയ്തു. ലൂക്കാസ് പക്വേറ്റ ഹെയ്തി പ്രതിരോധത്തിന് മുകളിലൂടെ നല്കിയ പന്തുമായി വിനീഷ്യസ് ജൂനിയര്‍ ഗോള്‍ ലക്ഷ്യമാക്കി കുതിക്കുന്നു. റയല്‍ മാഡ്രിഡ് താരം പെനാല്‍റ്റി ബോക്സിലേക്ക് ഓടിക്കയറി ഗോള്‍കീപ്പറെ മറികടന്ന് പന്ത് ശാന്തമായി വലയിലെത്തിച്ചു. ആദ്യ മത്സരത്തില്‍ മൊറാക്കോയ്ക്ക് എതിരേ സ്കോര്‍ ചെയ്ത വിനീഷ്യസിന്റെ ഈ ലോകകപ്പിലെ രണ്ടാം ഗോളായിരുന്നു. ബ്രസീലിന് ജയിക്കാന്‍ ഇതില്കൂടുതല് വേണ്ടായിരുന്നു.
രണ്ട് മത്സരങ്ങളില്‍ ബ്രസീലിന് നാല് പോയിന്റായി. ഗ്രൂപ്പ് സിയില്‍ ഗോള്‍വ്യത്യാസത്തില്‍ അവര്‍ ഒന്നാമതായി. സ്കോട്ട്ലന്‍ഡ് മൂന്ന് പോയിന്റിലാണ്. ഹെയ്തി ഒരു മത്സരങ്ങള്‍ പോലും ജയിച്ചിട്ടില്ല. ഗ്രൂപ്പ് സിയില്‍ നടന്ന ആദ്യ മത്സരത്തില്‍ മൊറോക്കോ ഒരു ഗോളിന് സ്കോട്ലന്റിനെ തോല്‍പ്പിച്ചിരുന്നു.






