തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ കേരളം നടപ്പാക്കിയ 'ഓപ്പറേഷൻ തൂഫാൻ' മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ശ്രദ്ധ നേടിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് ചേർന്ന ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും എസ്.പി റാങ്കിലുള്ള നോഡൽ ഓഫീസർമാരെ നിയമിക്കും. അടുത്ത ഘട്ടത്തിൽ കേന്ദ്ര ഏജൻസികളും വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരും ചേർന്ന് വിപുലമായ സംയുക്ത ഓപ്പറേഷൻ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ബസ്, ട്രെയിൻ, വിമാനം, ബോട്ട് തുടങ്ങിയ മാർഗങ്ങളിലൂടെ കേരളത്തിലേക്ക് മയക്കുമരുന്ന് എത്തുന്നത് തടഞ്ഞ് സംസ്ഥാനത്തെ ലഹരിമുക്തമാക്കുകയാണ് ലക്ഷ്യം. അതിനായാണ് ഓപ്പറേഷൻ തൂഫാൻ കൂടുതൽ വ്യാപിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ ശക്തമായതോടെ മയക്കുമരുന്ന് കടത്തുകാർ പുതിയ വഴികൾ തേടുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഓൺലൈൻ പ്ലാറ്റ്ഫോമുകളും കൊറിയർ സംവിധാനങ്ങളും ഇതിനായി ദുരുപയോഗം ചെയ്യുന്ന സാഹചര്യമുണ്ട്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ വിതരണം ചെയ്യരുതെന്നും, ക്യാൻസർ ചികിത്സയ്ക്കുള്ള മരുന്നുകൾ പോലും ലഹരിക്കായി ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കൽ സ്റ്റോർ ഉടമകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അഭ്യർഥിച്ച മന്ത്രി, വിഷയത്തിൽ ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും ആവശ്യമായാൽ സംയുക്ത പരിശോധനയും നടപടികളും ആരംഭിക്കുമെന്നും അറിയിച്ചു.






