ന്യൂഡല്‍ഹി: ഈ വര്‍ഷം ഡിസംബറോടെ ഇന്ത്യയില്‍നിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അറിയിച്ചു. നാട്ടിലെത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തേക്കാമെന്ന് അറിയാമെങ്കിലും തിരിച്ചുപോകേണ്ടത് അനിവാര്യമാണെന്ന് അവർ പറഞ്ഞു. മടങ്ങിയെത്തിയ ശേഷം കോടതിക്ക് മുമ്പാകെ കീഴടങ്ങാനും ഹസീന സന്നദ്ധത പ്രകടിപ്പിച്ചു.
"ഞാന്‍ തിരിച്ചെത്തിയാല്‍ എന്നെ അറസ്റ്റ് ചെയ്തേക്കാം, ഒരുപക്ഷേ കൊന്നേക്കുകയും ചെയ്യാം. എന്നിരുന്നാലും എനിക്ക് മടങ്ങണം. എന്റെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും കടുത്ത അടിച്ചമര്‍ത്തലുകള്‍ നേരിടുകയാണ്. മരണം സംഭവിക്കുകയാണെങ്കില്‍ അത് എന്റെ മാതാപിതാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന, അവരുടെ രക്തം വീണ സ്വന്തം മണ്ണിലായിരിക്കണമെന്നാണ് ആഗ്രഹം," ഹസീന പറഞ്ഞു.
തനിക്കൊപ്പം അവാമി ലീഗിലെ മറ്റ് നേതാക്കളും ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നും ഹസീന വ്യക്തമാക്കി. എന്നാല്‍ മടക്കയാത്ര സംബന്ധിച്ച് നിലവിലെ ഭരണകൂടവുമായി യാതൊരു ബന്ധപ്പെടലും നടത്തിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
2024 ഓഗസ്റ്റില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്നാണ് ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സര്‍ക്കാര്‍ അധികാരത്തില്‍നിന്ന് പുറത്തായത്. തുടര്‍ന്ന് ഹസീന ഇന്ത്യയില്‍ അഭയം തേടി.
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്തിയെന്ന കേസില്‍ ബംഗ്ലാദേശിലെ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ ഉത്തരവിട്ടതിലോ അത് തടയുന്നതില്‍ പരാജയപ്പെട്ടതിലോ ഹസീനയ്ക്ക് ഉത്തരവാദിത്തമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.






