അസം: ബഹുഭാര്യാത്വം പിന്തുടരുന്നതായി കണ്ടെത്തുന്ന സർക്കാർ ജീവനക്കാരെ പിരിച്ചുവിടാൻ അസം സർക്കാർ നിർദ്ദേശിച്ചു. ഇതിന് പുറമെ, ഇത്തരം ആളുകളെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങളിൽ നിന്ന് വിലക്കാനും സംസ്ഥാന ബജറ്റിൽ നിർദ്ദേശമുണ്ട്.
സ്ത്രീ ശാക്തീകരണവും ലിംഗനീതിയും പ്രോത്സാഹിപ്പിക്കുന്നതിനായി, ഒന്നിലധികം വിവാഹം കഴിക്കുന്ന ഏതൊരു പുരുഷനും സർക്കാരിന്റെ ഒരു ക്ഷേമപദ്ധതിയുടെയും ആനുകൂല്യങ്ങൾക്ക് അർഹനല്ലായിരിക്കുമെന്ന് അസം ധനമന്ത്രി ജയന്ത മല്ല ബറുവ പറഞ്ഞു. ബഹുഭാര്യത്വം വച്ചുപുലർത്തുന്ന സർക്കാർ ജീവനക്കാരെ നിയമപ്രകാരം സർവീസിൽ നിന്ന് പിരിച്ചുവിടാൻ തക്കവണ്ണം, 'അസം സർവീസസ് (ഡിസിപ്ലിൻ ആൻഡ് അപ്പീൽ) റൂൾസ്, 1964' ഭേദഗതി ചെയ്യാനാണ് ബജറ്റ് നിർദ്ദേശിക്കുന്നത്. സത്യസന്ധതയും ഉത്തരവാദിത്തമുള്ള പൗരത്വവും വളർത്തിയെടുക്കുന്നതിനായി, ഏതെങ്കിലും ക്രിമിനൽ നിയമപ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടുന്ന ഏതൊരു വ്യക്തിയും സർക്കാരിന്റെ വിജ്ഞാപനം ചെയ്ത ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾക്ക് അർഹനായിരിക്കില്ലെന്നും ബജറ്റ് നിർദേശത്തിൽ പറയുന്നുണ്ട്.
വിവിധ ക്ഷേമപദ്ധതികൾക്കായി ബജറ്റിൽ 6,000 കോടിയിലധികം രൂപ വകയിരുത്തിയിട്ടുണ്ട്. ചെറുകിട ചായ ഉത്പാദകർക്കുള്ള നികുതി ഇളവ് പരിധി നാലിരട്ടിയായി വർദ്ധിപ്പിക്കാനും, പൈപ്പ് ലൈൻ വഴിയുള്ള പ്രകൃതി വാതകത്തിന്റെ (പിഎൻജി) വാറ്റ് നിരക്കിൽ ഏകദേശം 10 ശതമാനം കുറവ് വരുത്താനും നിർദ്ദേശിക്കുന്ന, 2.85 ലക്ഷം കോടി രൂപയുടെ ബജറ്റാണ് ബറുവ 2026-27 സാമ്പത്തിക വർഷത്തേക്ക് അവതരിപ്പിച്ചത്.
സംസ്ഥാനത്ത് ബഹുഭാര്യത്വം നിരോധിക്കുന്നതിനും, ആദ്യ വിവാഹം നിയമപരമായി നിലനിൽക്കെ രണ്ടാമതൊരു വിവാഹം കഴിക്കുകയോ അല്ലെങ്കിൽ അത് മറച്ചുവെക്കുകയോ ചെയ്യുന്നവർക്ക് കർശനമായ ശിക്ഷ ഉറപ്പാക്കുന്നതിനുമായി അസം നിയമസഭ കഴിഞ്ഞ വർഷം 'അസം പ്രൊഹിബിഷൻ ഓഫ് പോളിഗാമി ബിൽ, 2025' പാസാക്കിയിരുന്നു.നിയമപരമായ വിവാഹം നിലനിൽക്കുമ്പോഴോ, പങ്കാളി ജീവിച്ചിരിക്കുമ്പോഴോ, അവരിൽ നിന്ന് നിയമപരമായി വിവാഹമോചനം നേടുകയോ വിവാഹം റദ്ദാക്കുകയോ ചെയ്യാതെ മറ്റൊരു വിവാഹത്തിൽ ഏർപ്പെടുന്നതിനെയാണ് ബില്ലിൽ ബഹുഭാര്യത്വം എന്ന് നിർവചിക്കുന്നത്.ഇത്തരം നിയമവിരുദ്ധമായ വിവാഹങ്ങളിൽ ഏർപ്പെടുന്നതായി കണ്ടെത്തുന്നവർക്ക് ഏഴ് വർഷം വരെ തടവുശിക്ഷയും പിഴയും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.






