
കണ്ണൂര്‍: മുഖ്യമന്ത്രി വി ഡി സതീശനെ റോഡില്‍ തടഞ്ഞതുമായി ബന്ധപ്പെട്ട് ഡിസിസി അംഗം ചേന്തി അനിലിനെ പുറത്താക്കിയതില്‍ കോണ്‍ഗ്രസിനോട് ചോദ്യവുമായി വി കെ സനോജ് എംഎല്‍എ. ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉണ്ടായിരുന്ന ആളായതുകൊണ്ടാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്നാണ് കെപിസിസി പ്രസിഡന്റ് പറഞ്ഞതെന്നും അങ്ങനെയെങ്കില്‍ റൗഡി ലിസ്റ്റിലുള്ള ഒരാള്‍ എങ്ങനെ ഡിസിസി പ്രസിഡന്റായി എന്ന ചോദ്യം പ്രസക്തമാണെന്നും വി കോ സനോജ് ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണെങ്കില്‍ ചേന്തി അനിലിന് ഇത്രകാലം എങ്ങനെ തുടരാന്‍ കഴിഞ്ഞുവെന്നും വി കേ സനോജ് ചോദിച്ചു. വി ഡി സതീശനോട് ചോദ്യം ചോദിക്കേണ്ടി വന്നപ്പോഴാണ് റൗഡി ലിസ്റ്റിലെ അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത് എന്നതാണ് ഇപ്പോള്‍ കാണുന്ന കൗതുകം. പക്ഷേ അതിനപ്പുറം ഒരു വലിയ തിരിച്ചറിവുണ്ട്.
കഴിഞ്ഞ പത്ത് വര്‍ഷം മുഖ്യമന്ത്രിയും 21 മന്ത്രിമാരും ഉള്‍പ്പെടുന്ന മന്ത്രിസഭ ഒന്നാകെ യാത്ര ചെയ്യുന്ന ബസ്സിന് നേരെ എംഡിഎംഎ കേസ്സില്‍ അറസ്റ്റിലായ പ്രതികള്‍ അടക്കം കല്ലും വടിയും കരിങ്കൊടിയും വലിച്ചെറിയുന്നതും ഓടുന്ന ബസ്സിന് മുന്നിലേക്ക് ചാടുന്നതും സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് വിമാനത്തിനുള്ളില്‍ പോലും പ്രതിഷേധം എന്ന പേരില്‍ ആക്രമണത്തിന് ശ്രമിക്കുന്നതുമെല്ലാം 'ജനകീയ പ്രതിഷേധം'ആയിരുന്നുവെന്നും സനോജ് പരിഹസിച്ചു.






