
ലഖ്നൗ: വിവാഹം റദ്ദാക്കിയതിന്റെ വിരോധത്തിൽ പ്രതിശ്രുത വധുവിനും സഹോദരിക്കും നേരെ ആസിഡ് ആക്രമണം നടത്തിയ ആൾ പിടിയിൽ. ഉത്തർപ്രദേശിലെ ഹാപ്പൂർ ആവാസ് വികാസ് കോളനി സ്വദേശിയായ ഹർഷ് ഭാട്ടി എന്നയാളാണ് പിടിയിലായത്.
പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഹർഷ് ഭാട്ടിയുമായി നിശ്ചയിച്ചിരുന്ന വിവാഹം, അയാൾക്ക് ലഹരിമരുന്നിന് അടിമയാണെന്ന വിവരം അറിഞ്ഞതിനെ തുടർന്ന് കുടുംബം റദ്ദാക്കുകയായിരുന്നു.ഇതിന്റെ പ്രതികാരമായി ശനിയാഴ്ച രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി, കതക് തുറന്ന ഉടനെ മുൻ പ്രതിശ്രുത വധുവിന് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച സഹോദരിക്കും നേരെ ഇയാൾ ആസിഡ് ഒഴിച്ചു.
പെൺകുട്ടികളുടെ നിലവിളി കേട്ടെത്തിയ കുടുംബാംഗങ്ങൾ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സിംഭാവലി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ രണ്ട് സഹോദരിമാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.






