
ന്യൂഡല്‍ഹി: മതനിരപേക്ഷ ഭാരതത്തിന്റെ വിരിമാറില്‍ കറുത്ത നിഴല്‍ വീഴ്ത്തിയ ദിനമായിരുന്നു 1992 ഡിസംബര്‍ ആറ്. പതിറ്റാണ്ടുകള്‍ നീണ്ട തര്‍ക്കത്തിനിടെയാണ് അന്ന് മസ്ജിദിന്റെ താഴികക്കുടങ്ങള്‍ ഒരു പറ്റം കര്‍സേവകര്‍ ചേര്‍ന്ന് അടിച്ചുതകര്‍ത്തത്. ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ 400 വര്‍ഷത്തിലധികം പഴക്കം കണക്കാക്കിയിരുന്ന ബാബ്റി മസ്ജിദ് ആദ്യ മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ ആണ് പണികഴിപ്പിച്ചത്. ഇവിടം ശ്രീരാമന്റെ ജന്മദേശം കൂടിയാണെന്ന വിശ്വാസവും നിലനിന്നിരുന്നു. ഇവിടെയുണ്ടായിരുന്ന ക്ഷേത്രം മുഗള്‍ ചക്രവര്‍ത്തി മസ്ജിദായി മാറ്റിയതാണെന്നും വിശ്വാസവുമുണ്ടായിരുന്നു. ഇതേതുടര്‍ന്നുള്ള തര്‍ക്കം രൂക്ഷമായതോടെ തര്‍ക്കഭൂമിയായി മാറിയ ഈ ആരധനാലയം ഏറെക്കാലം അടച്ചിട്ടിരുന്നു.
തര്‍ക്കഭൂമിയില്‍ രാഷ്ട്രീയം പരീക്ഷിക്കാനിറങ്ങിയ ബി.ജെ.പിക്ക് രാജ്യമെമ്പാടും വളര്‍ച്ച നല്കുന്ന സംഭവമായിരുന്നു മസ്ജിദ് തര്‍ക്കപ്പെട്ടത്. മസ്ജിദിന് അടുത്ത താത്്കാലിക ക്ഷേത്രം നിര്‍മ്മിച്ച് ആരാധന തുടങ്ങിയതോടെ ഇവിടെ പ്രശ്നങ്ങളും ഉടലെടുത്തു. തുടര്‍ന്നുള്ള സം,ഘര്ഷങ്ങള്ക്കിടയില് 1992 ഡിസംബര്‍ ആറിന് മസ്ജിദിന്റെ താഴികക്കുടങ്ങള്‍ നിലംപൊത്തി. പള്ളി പൊളിക്കാന്സംഘപരിവാര് സംഘടനകളുടെ മുന്‍കൂട്ടിയുള്ള പദ്ധതി നടന്നിരുന്നുവെന്ന് സംഭവം അന്വേഷിച്ച ലിബര്‍ഹാന്‍ കമ്മീഷന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പിന്നീട് ഇങ്ങോട്ടുള്ള തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കും ആര്.എസ്.എസിനും ഏറെ ചര്‍ച്ച ചെയ്യാന്‍ താല്പര്യമുള്ള വിഷയമായിരുന്നു ബാബ്റി മസ്ജിദ്. വര്‍ഗീയമായി ഫാസിസ്റ്റ് ശക്തികള്‍ക്ക് ഏറെ വളര്‍ച്ചയുണ്ടാക്കാനും ഇക്കാലത്ത് കഴിഞ്ഞു.
1528ലാണ് ബാബ്റി മസ്ജിദ് നിര്‍മ്മിച്ചതെന്നാണ് രേഖകള്‍. 1885 മുതല്‍ ബാബ്റി മസ്ജിദ് വിഷയത്തില്‍ തര്‍ക്കം നിലനിന്നിരുന്നു. മസ്ജിദിന്റെ പുറത്ത് ഒരു ക്ഷേത്രം നിര്‍മ്മിക്കുന്നതിന് മഹന്ത് രഘുവീര്‍ ദാസ് അനുമതി നിഷേധിച്ചു. ഇതോടെയാണ് തര്‍ക്കവിഷയമായി ഇവിടം മാറുന്നത്. എന്നാല്‍ 1905ല്‍ ബ്രിട്ടീഷ് ഓഫീസര്‍ ആയിരുന്ന എച്ച്.ആര് നെവിന് ഇവിടെ ഒരു ക്ഷേത്രം തകര്‍ത്താണ് ബാബര്‍ മസ്ജിദ് നിര്‍മ്മിച്ചതെന്ന് റിപ്പോര്‍ട്ട് നല്കി. ഇതോടെ ഇരുവിഭാഗവും തമ്മിലുള്ള അഭിപ്രായ ഭിന്നതയും ഉയര്‍ന്നു.
1934ല്‍ വര്‍ഗീയ ലഹളയില്‍ പള്ളിക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു.
1949ല്‍ ഒരു ദിവസം മസ്ജിദില്‍ നിന്നും രാമന്റെ വിഗ്രഹം ലഭിച്ചു. ഇത് അവിടെ അതിക്രമിച്ചുകയറി സ്ഥാപിച്ചതാണെന്നും ആരോപണമുയര്‍ന്നു. ഇവിടം രാമജന്മഭൂമിയായി പ്രഖ്യാപിക്കുകയും ആരാധന തുടങ്ങുകയും ചെയ്തു. തര്‍ക്കം രൂക്ഷമായതോടെ പള്ളി പൂട്ടിയിടാന്‍ കോടതി ഉത്തരവിട്ടു.
1949ല്‍ സര്‍ക്കാര്‍ ചെലവില്‍ പൂജാരിയെ ഇവിടെ നിയമിച്ചു. 1950ല്‍ പള്ളി റിസീവര്‍ ഭരണത്തില്‍ കീഴിലായി. വൈകാതെ വിഗ്രഹ ദര്‍ശനത്തിനും ആരാധനയ്ക്കും അനുകൂലമായി വിധി വന്നു. 1950 മുതല്‍ 1961 വരെ രാമക്ഷേത്രം ആരാധാനയ്ക്ക് തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് നാല് കേസുകളാണ് ഫൈസാബാദ് കോടതിയില്‍ വന്നത്. 1961ല്‍ മുസ്ലീം പള്ളിയുടെ ഉടമസ്ഥാവകാശത്തിനായി കേസ് ഫയല്‍ ചെയ്തു. 1986ല്‍ പള്ളി ഹിന്ദുക്കള്‍ക്ക് ആരാധനായ്ക്കായി തുറന്നുകൊടുക്കുന്നു. 1989ല്‍ ഫൈസാബാദ് കോടതിയില്‍ നിലനിന്നിരുന്ന നാല് കേസുകള്‍ പരിഗണിക്കുന്നത് അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി. ഇതേവര്‍ഷം തന്നെ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനവും നടന്നു.
1991ല്‍ പള്ളിക്ക് ചുറ്റുമുള്ള സ്ഥലങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് രാമഭക്തര്‍ക്ക് ആരാധാനയ്ക്കായി വിട്ടുകൊടുത്തു. 1992ലാണ് പള്ളി തകര്‍ക്കപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 197/1992, 198/1992 എന്നിവ. ഇതില്‍ ആദ്യത്തേത് കര്സേവര്കര് പള്ളി തകര്‍ത്തതും രണ്ടാമത്തേത് ഗൂഢാലോചന കുറ്റവുമാണ്.
1993ല്‍ തര്‍ക്കഭൂമിക്ക് ചുറ്റുമുള്ള 67 ഏക്കര്‍ ഏറ്റെടുത്തു. ബാബ്റി മസ്ജിദ് സ്ഥാപിക്കുന്നതിന് മുന്‍പ് ഇവിടെ ഹിന്ദു ആരാധനാലയം ഉണ്ടായിരുന്നോ എന്നതില്‍ സുപ്രീം കോടതിയുടെ അഭിപ്രായവും സര്‍ക്കാര്‍ തേടി. 1993ല്‍ അദ്വാനിയേയും മറ്റ് ബി.ജെ.പി നേതാക്കളെയും ഗൂഢാലോചന കേസില്‍ പ്രതിചേര്‍ത്ത് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു.
1994ല്‍ കേസ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിന് വിട്ടു. 1996 മുതല്‍ കേസില്‍ വാദം തുടര്‍ന്നു. 2001 മേയ് നാലിന് സ്പെഷ്യല്‍ ജഡ്ജി എസ്.കെ ശുക്ല അദ്വാനിയേയും ജോഷിയേയും ഗൂഢാലോചന കുറ്റത്തില്‍ നിന്ന് ഒഴിവാക്കി. കേസില്‍ 197, 198 എന്നിങ്ങനെ രണ്ടായി വിഭജിക്കുകയും ചെയ്തു. പ്രത്യേക കോടതിയുടെ ഈ ഉത്തരവ് 2010 മേയ് 20ന് അലഹബാദ് ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു.
2010 സെപ്തംബര്‍ 30ന് അയോധ്യ ഭൂമിയെ വിഭജിച്ച് മൂന്നില്‍ രണ്ട് ഭാഗം ഹിന്ദു വിഭാഗത്തിനും മൂന്നിലൊന്ന് ഭാഗം വഖഫ് ബോര്‍ഡിനും നല്കി. പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടിക്കെതിരെ 2011 ഫെബ്രുവരിയില്‍ സി.ബി.ഐ സുപ്രീം കോടതിയെ സമീപിച്ചു. കേസില്‍ ശക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സി.ബി.ഐ വാദിച്ചു. ഇത് പരിഗണിച്ച കോടതി 2011 മേയ് 9ന് അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്തു.
അയോധ്യ തര്‍ക്ക ഭൂമിയില്‍ 1949 മുതല്‍ നിയമപോരാട്ടം നടത്തിവന്ന മുഹമ്മദ് ഫാറൂഖ് 2014 ഡിസംബര്‍ അഞ്ചിന് അന്തരിച്ചു. കേസിലെ ഏറ്റവും പ്രായമേറിയ പരാതിക്കാരനായിരുന്നു ഫാറൂഖ്.
2017 മാര്‍ച്ച് ആറിന് കേസ് പരിഗണിച്ച സുപ്രീം കോടതി ഗൂഢാലോചന കുറ്റം നിലനില്‍ക്കുമോ എന്ന് പരിശോധിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഗൂഢാലോചന കേസും പള്ളി തകര്‍ക്കല്‍ കേസും ഒരുമിച്ചാക്കുന്നതും പരിഗണിച്ചിരുന്നു. പ്രശ്ന പരിഹാരത്തിന് ഇരുകക്ഷികള്‍ക്കും താല്പര്യമെങ്കില് മധ്യസ്ഥനെ നിയോഗിക്കാമെന്നും മാര്‍ച്ച് 22ന് കോടതി നിര്‍ദേശിച്ചു.
അദ്വാനി, ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിംഗ്, വിനയ് കത്യാര്‍ തുടങ്ങിയവര്‍ക്കെതിരായ ഗൂഢാലോചന കുറ്റം പുനഃസ്ഥാപിക്കണമെന്ന് ഏപ്രില്‍ ആറ് സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് കോടതിയുടെ ഇന്നത്തെ ഉത്തരവ്.






