
ദേവികുളം: മൂന്നാറില്‍ കുരിശു സ്ഥാപിച്ചു ഭൂമി കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി തുടങ്ങി. മൂന്നാര്‍ സൂര്യനെല്ലിയിലെ പാപ്പാത്തിച്ചോലയിലാണ് രാവിലെ തന്നെ ഒഴിപ്പിക്കല്‍ നടപടികളുമായി ഉദ്യോഗസ്ഥര്‍ എത്തിയത്. ഇവിടെ സ്ഥാപിച്ചിട്ടുള്ള കുരിശു നീക്കം ചെയ്യാനാണ് ശ്രമം. ഏക്കര്‍ കണക്കിന് വെട്ടിപ്പിടിച്ച സ്ഥലത്ത് സ്ഥാപിച്ചിരുന്ന ഷെഡ്ഡ് നേരത്തേ പൊളിച്ചു മാറ്റി. രാവിലെ തന്നെ ദേവികുളം തഹസീല്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെയെത്തി. ഇത് മൂന്നാം തവണയാണ് ഇവിടെ ഒഴിപ്പിക്കല്‍ നടക്കുന്നത്.
മൂന്നാറില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ഇവിടെയെത്താന്‍ ദുര്‍ഘടമായ പാതയാണ് ഉള്ളത്. എന്നാല്‍ ജെസിബി ഉള്‍പ്പെടെയുള്ള യന്ത്രങ്ങളുടെ സഹായത്താല്‍ വഴി വെട്ടിക്കൊണ്ടാണ് ഇവിടേക്ക് ഉദ്യോഗസ്ഥ സംഘം പോകുന്നത്. ഒഴിപ്പിക്കല്‍ സംഘത്തെ തടയാന്‍ രണ്ടു തവണ ശ്രമം നടക്കുകയും ചെയ്തു. ആദ്യം ഒരു സംഘം ആള്ക്കാര് എത്തി ആത്മഹത്യാഭീഷണി ഉള്‍പ്പെടെയുള്ള പ്രതിഷേധം നടത്തി. രണ്ടാമത് വഴിയില്‍ കാര്‍ ഇട്ട് മാര്‍ഗ്ഗതടസ്സം ഉണ്ടാക്കുകയും ചെയ്തു. സംഘര്‍ഷസാധ്യതകള്‍ കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്.
അടിമാലി, ശാന്തന്‍പാറ, മൂന്നാര്‍ എന്നിവിടങ്ങളില്‍ നിന്നും 50 ലധികം പോലീസുകാര്‍ സ്ഥലത്തുണ്ട്. ഒരു കൂറ്റന്‍ കുരിശു സ്ഥാപിച്ച് വിശ്വാസത്തിന്റെ മറവില്‍ ഭൂമി കയ്യേറ്റ ശ്രമം ഒഴിപ്പിക്കാന്‍ മുമ്പ് രണ്ടു തവണ ശ്രമം നടത്തിയെങ്കിലും വിജയമായിരുന്നില്ല. ഈ കയ്യേറ്റത്തെക്കുറിച്ച് നേരത്തേ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്തു വിടുകയും ചെയ്തതോടെയാണ് വീണ്ടും ചര്‍ച്ചയായി മാറിയതും ഒഴിപ്പിക്കലിലേക്ക് നീങ്ങിയതും.
കുരിശ് സ്ഥാപിച്ചു നടത്തുന്ന കയ്യേറ്റം ഒഴിപ്പിക്കുമ്പോള്‍ നടക്കാന്‍ സാധ്യതയുള്ള സംഘര്‍ഷം കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇടുക്കി ജില്ലാ കളക്ടറും ദേവികുളം സബ് കളക്ടറും കൂടിക്കാഴ്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് 150 ലധികം പേര് വരുന്ന സംഘം ഒഴിപ്പിക്കലിനായി എത്തിയിരിക്കുന്നത്. എന്തു പ്രതിഷേധം ഉണ്ടായാലും ഒഴിപ്പിക്കുമെന്ന നിലപാടില്‍ റവന്യൂസംഘം നീങ്ങുമ്പോള്‍ മൂന്ന് പേര് കുരിശിന് മുമ്പിലിരുന്നു പ്രാര്‍ത്ഥിക്കുന്നുമുണ്ട്. കുരിശ് മാറ്റാന്‍ കോണ്‍ക്രീറ്റ് പൊട്ടിക്കുന്ന ജോലികളും നടക്കുന്നുണ്ട്. ജെസിബി എത്തിച്ചാലേ പൂര്‍ണ്ണമായും കുരിശ് പൊളിച്ചു നീക്കാന്‍ കഴിയുകയുള്ളൂ.






