
ന്യൂഡല്‍ഹി: ഇന്ത്യയില്‍ എല്ലാവരും പ്രധാന്യമുള്ളവരാണെന്നും എല്ലാവരും വിഐപികളാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. ചുവന്ന ബീക്കണ്‍ ലൈറ്റ് ഒഴിവാക്കിയ നടപടി നേരത്തേ തുടങ്ങേണ്ടിയിരുന്നതാണെന്നും ഇന്നു മുതല്‍ ശക്തമായ നീക്കത്തിന് തുടക്കം കുറിക്കുകയാണെന്നും പ്രധാന മന്ത്രി പ്രതികരിച്ചു. നടപടിയെ അഭിനന്ദിച്ച് വന്ന ഒരു ട്വീറ്റിന് മറുപടി നല്‍കുകയായിരുന്നു പ്രധാനമന്ത്രി.
കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് വിഐപികള്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നത് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, ജഡ്ജിമാര്‍, ലോക്സഭാ സ്പീക്കര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍, കേന്ദ്ര സംസ്ഥാന ഉന്നതോദ്യോഗസ്ഥര്‍ എന്നിങ്ങനെ എല്ലാ വിഐപികള്‍ക്കും ബാധകമാകുന്ന നിരോധനം മെയ് 1 മുതലാണ് പ്രാബല്യത്തില്‍ വരിക. എന്നാല്‍ അടിയന്തിര സാഹചര്യത്തില്‍ ചുവപ്പ് ബീക്കണ്‍ ലൈറ്റ് ആകാമെന്നും തീരുമാനമെടുത്തിട്ടുണ്ട്.
അഗ്നിശമനസേന, പോലീസ്, സൈന്യം എന്നിവരുടെ വാഹനങ്ങള്‍ക്കും ആംബുലന്‍സുകള്‍ക്കും ഗതാഗതക്കുരുക്കുകള്‍ ഒഴിവാക്കുന്നതിന് നീല ബീക്കണ്‍ ലൈറ്റ് ആകാം. പഞ്ചാബ്, ഡല്‍ഹി സര്‍ക്കാരുകര്‍ മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ലൈറ്റുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. മന്ത്രിമാരും സര്‍ക്കാരും ഉദ്യോഗസ്ഥരും വാഹനങ്ങളില്‍ നിന്നും ചുവന്ന ലൈറ്റ് നീക്കം ചെയ്യാന്‍ 2013 ല്‍ സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.






