
മാഡ്രിഡ്: സ്പാനിഷ് ലാലിഗയിലെ ഇത്തവണത്തെ ഏറ്റവും മികച്ച പോരാട്ടത്തില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ റയല്‍ മാഡ്രിഡിനെ വീഴ്ത്തി ബാഴ്സിലോണയ്ക്ക് തകര്‍പ്പന്‍ജയം. റയലിന്റെ തട്ടകമായ മാഡ്രിഡില്‍ നടന്ന പോരാട്ടത്തില്‍ റയലിന്റെ രണ്ടിനെതിരേ മൂന്ന് ഗോളുകളുടെ വിജയമാണ് ബാഴ്സ ആഘോഷിച്ചത്. മെസ്സി ഇരട്ടഗോള്‍ നേടിയപ്പോള്‍ റാകിട്ടിച്ചാണ് ടീമിന്റെ മൂന്നാം ഗോള്‍ നേടിയത്. മറുവശത്ത് കാസിമിറോയും ജെയിംസ് റോഡ്രിഗ്രസും റയലിനായി സ്കോര്‍ ചെയ്തു. കളിയുടെ അവസാന സെക്കന്റിലാണ് മെസ്സി കുറിച്ചത് തന്റെ 500 ാം ഗോളായിരുന്നു.
ബാഴ്സയുടെ ന്യൂകാമ്പില്‍ നടന്ന ആദ്യ മത്സരം സമനിലയിലായിരുന്നു. കളിയുടെ അവസാന സെക്കന്റുകളില്‍ മെസ്സി നേടിയ ഗോളാണ് കളി നിര്‍ണ്ണയിച്ചത്. യുവേഫാ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായ മത്സരത്തിന് പിന്നാലെ മെസ്സിയെ പന്തെത്തിക്കുന്ന ചുമതലയ്ക്ക് പകരം പഴയത് പോലെ തന്നെ മുന്നേറ്റത്തില്‍ മേയാന്‍ വിടുകയായിരുന്നു പരിശീലകന് എന്റിക്കെ. അതിന്റെ ഗുണം കിട്ടുകയും ചെയ്തു. പന്ത് വാങ്ങിയും കൊടുത്തും റയല്‍ ബോക്സില്‍ അപകടം വിതച്ച മെസ്സി കളി തീരുമാനമാക്കുകയും ചെയ്തു. മറുവശത്ത് അപകടകാരികളായ ക്രിസ്ത്യാനോയെയും കരീം ബന്സേമയെയും ബാഴ്സ പ്രതിരോധം പൂട്ടുകയും ചെയ്തു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ നായകന് റാമോസ് മെസ്സിയെ അപകടകരമായി ഫൗള്‍ ചെയ്ത് പുറത്താകുക കൂടി ചെയ്തതോടെ റയല്‍ പത്തു പേരായി.
കളിക്ക് വിപരീതമായി ആദ്യം ഗോള്‍ നേടിയത് റയലാണ്. കാസിമിയറോ 28 ാം മിനിറ്റില്‍ ഗോള്‍ കുറിച്ചു. പക്ഷേ ഈ ലീഡിന് അഞ്ചു മിനിറ്റത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. മെസി റയല്‍ പ്രതിരോധത്തെ വലച്ച് സമനില ഗോളിട്ടു. രണ്ടാം പകുതിയില്‍ റാമോസ് പുറത്തായതിന് പിന്നാലെ റാക്കിട്ടിന്റെ ഒരു ലോംഗ് റേഞ്ചര്‍ ബാഴ്സിലോണയെ മുന്നിലെത്തിക്കുകയും ചെയ്തു. പത്തു പേരുമായി പൊരുതിയ റയല്‍ പകരക്കാരനായി എത്തിയ ജെയിംസ് റോഡ്രിഗ്രസിലൂടെ 85 ാം മിനിറ്റില്‍ സമനില കുറിച്ചു. എന്നാല്‍ അന്തിമഭാഗ്യം ബാഴ്സയ്ക്കൊപ്പമായിരുന്നു. ഇരു ടീമും രണ്ടു ഗോളടിച്ച് കളി പൂര്‍ത്തിയാക്കുമെന്ന് കരുതിയിരിക്കെ അനുവദിച്ച രണ്ടു മിനിറ്റ് ഇഞ്ചുറി സമയത്തെ അവസാന സെക്കന്റില്‍ മെസി വീണ്ടും തകര്‍പ്പന്‍ ഗോള്‍ നേടി.
ബാഴ്സ നേടിയ ഈ വിജയം ലാലിഗയിലെ കിരീടപോരാട്ടം കടുത്തതാക്കി. പോയിന്റു പട്ടികയില്‍ റയലിനൊപ്പം എത്തിയ അവര്‍ ഒന്നാമതായി. ബാഴ്സ 33 മത്സരങ്ങളില്‍ 75 പോയിന്റ് നേടിയപ്പോള്‍ റയലിന് 32 മത്സരങ്ങളില്‍ 75 പോയിന്റുണ്ട്. എന്നിരുന്നാലും ബാഴ്സയേക്കാള്‍ ഒരു മത്സരം കുറച്ചു കളിച്ചത് റയലിന് ഗുണമാണെങ്കിലും ഇനിയുള്ള കളികളില്‍ ഒരു ഇടര്‍ച്ച പോലും രണ്ടു കൂട്ടര്‍ക്കും നിര്‍ണ്ണായകമാകും. കഴിഞ്ഞയാഴ്ചയാണ് റയല്‍ മാഡ്രിഡ് ജര്മ്മന്ക്ളബ്ബ് ബയേണിനെ പരാജയപ്പെടുത്തി യുവേഫാ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ കടന്നത്. അപ്പോള്‍ ബാഴ്സിലോണ് ഇറ്റാലിയന്‍ ടീം യുവന്റസിനോട് തോറ്റ് പുറത്താകുകയും ചെയ്തു.






