
ധരംശാല: അഫ്ഗാനിസ്ഥാനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 195 റണ്‍സ് വിജയലക്ഷ്യം. ഗുര്‍ബാസിന്റെ അവിശ്വസനീയമായ വെടിക്കെട്ട് സെഞ്ചുറിയാണ് (51 പന്തില്‍ 102) സെഞ്ചുറിയാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. ഇന്ത്യക്കുവേണ്ടി അരങ്ങേറ്റം കുറിച്ച ഹര്‍ഷ് ദുബെയും ഗുര്‍ണൂര്‍ ബ്രാറും മൂന്നുവിക്കറ്റോടെ തിളങ്ങിയത് മത്സരത്തിന്റെ തിളക്കമേറ്റി.
ധരംശാലയില്‍ കനത്ത മഴയെ തുടര്‍ന്ന് മത്സരം 25 ഓവറാക്കി ചുരുക്കിയിരുന്നു. മോശം തുടക്കമായിരുന്നു അഫ്ഗാന്. 4.3 ഓവറില്‍ മൂന്നിന് 26 എന്ന മോശം നിലയിലായിരുന്നു. ഇബ്രാഹിം സദ്രാന് (1), സെദിഖുള്ള അടല്‍ (0), റഹ്മത്ത് ഷാ (3) എന്നിവര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല. തുടര്‍ന്നായിരുന്നു ഗുര്‍ബാസിന്റെ അവിശ്വസനീയ ഇന്നിംഗ്സ്. ഷാഹിദിക്കൊപ്പം 116 റണ്‍സാണ് ഗുര്‍ബാസ് ചേര്‍ത്തത്. എന്നാല്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ താരം പുറത്തായി. നിതീഷിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. എട്ട് വീതം സിക്സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഗുര്‍ബാസിന്റെ ഇന്നിംഗ്സ്. അഫ്ഗാന് വേണ്ടി ഒമ്പതാം ഏകദിന സെഞ്ചുറിയാണ് ഗുര്‍ബാസ് നേടിയത്. പിന്നാലെ തുടര്‍ന്ന് ഷാഹിദിയും ഒമര്‍സായും മടങ്ങി. മുഹമ്മദ് നബി (9), റിഷാദ് ഖാന് (9), അള്ളാ ഗസന്‍ഫാര്‍ (0), സിയ ഉര് റഹ്മാന് (4) എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. അഫ്ഗാന് 24.5 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ അഫ്ഗാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. അഞ്ച് ഓവര്‍ ബാറ്റിംഗ് പവര്‍ പ്ലേയാണ് മത്സരത്തിന്. ഇന്ത്യക്കുവേണ്ടി ഗുര്‍ണുര്‍ ബ്രാറും ഹര്‍ഷ് ദുബൈയും മികച്ച രീതിയില്‍ പന്തെറിഞ്ഞു. ഇരുവരും മൂന്നുവിക്കറ്റ് വീതം വീഴ്ത്തി. അര്‍ഷ്ദീപ് സിങ്ങും നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. ഇഷാന് കിഷന് പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചു. വിക്കറ്റ് കീപ്പറും കിഷന് തന്നെ. പരിക്കേറ്റ വിരാട് കോലിക്ക് പകരമാണ് കിഷനെത്തിയത്. രോഹിത് ശര്‍മയ്ക്കൊപ്പം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഓപ്പണ്‍ ചെയ്യും.






