
സാപോപന്‍(മെക്സിക്കോ): ഫുട്ബോള്‍ ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണ കൊറിയയ്ക്ക് ജയം. ഗ്വാഡലഹാര സ്റ്റേഡിയത്തില്‍ നടന്ന എ ഗ്രൂപ്പ് മത്സരത്തില്‍ ദക്ഷിണ കൊറിയ 2-1 നു ചെക്ക് റിപ്പബ്ലിക്കിനെയാണു തോല്‍പ്പിച്ചത്. ഒരു ഗോളിനു പിന്നിലായ ശേഷമാണു കൊറിയക്കാര്‍ ജയിച്ചു കയറിയത്. രണ്ടാം പകുതിയിലാണ് ഇരു ടീമുകളും ഗോളുകളടിച്ചത്. 59-ാം മിനിട്ടില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ലാഡിസല്വ് ക്രെജ്സി ആദ്യ ഗോളടിച്ചു. 20 വര്‍ഷത്തിനു ശേഷമാണ് ചെക്ക് ലോകകപ്പില്‍ ഗോളടിക്കുന്നത്. കൗഫാലിന്റെ ക്രോസിനെ ഹെഡറിലൂടെയാണു ക്രെജ്സി ഗോളാക്കിയത്.
67-ാം മിനിറ്റില്‍ സമനില ഗോളെത്തി. കെയ് ലീയുടെ സഹായത്തോടെ മധ്യനിരക്കാരന് ഹ്വാങ് ഇന്‍ ബിയോം സമനില ഗോളടിച്ചതോടെ സ്റ്റേഡിയത്തില്‍ ആവേശമായി. സ്കോര്‍ ഒപ്പമായതോടെ ലീഡ് പിടിക്കാന്‍ കൊറിയക്കാരും ചെക്കും ഒരു പോലെ മുന്നേറി. തോമസ് സൗസക് ഒരുവട്ടം ഗോളടിച്ചെങ്കിലും ഓഫ് സൈഡായി. പിന്നാലെ കൊറിയ ജയമുറപ്പിച്ച ഗോളടിച്ചു. 80-ാം മിനിറ്റില്‍ ഹ്യോണ്‍ ഗ്യു കൊറിയയെ മുന്നിലെത്തിച്ചു. ഹ്വാങ് ബ്യോമിന്റെ ക്രോസ് ബോക്സിനുള്ളില്‍ വെച്ച് ഹ്യോണ്‍ വലയിലെത്തിച്ചു. ചെക്ക് ഗോള്‍ കീപ്പര്‍ കോവാറിനു പന്ത് തടയാനായില്ല. ശേഷിച്ച സമയത്ത് കൊറിയന്‍ വലയില്‍ പന്തെത്തിക്കാന്‍ ചെക്ക് താരങ്ങള്‍ പരിശ്രമിച്ചെങ്കിലും ഗോള്‍ കീപ്പര്‍ സിയുങ് ഗ്യു കിമ്മും പ്രതിരോധവും കുലുങ്ങിയില്ല. കളിയുടെ തുടക്കം മുതല്‍ ആധിപത്യം സൃഷ്ടിച്ചത് കൊറിയയായിരുന്നു. പന്ത് കൈവശം വയ്ക്കുന്നതിലും പാസിങിലും ടീം മുന്നേറി. സണ്‍ ഹ്യൂങ് മിന്നിനെ മുന്നില്‍ നിര്‍ത്തിയ 3-4-2-1 ഫോര്‍മേഷനാണു കൊറിയന്‍ കോച്ച് മാറ്റ് ഹോങ് പരീക്ഷിച്ചത്. ചെക്ക് പ്രതിരോധത്തില്‍ പലതവണ വിള്ളല്‍ വീഴ്ത്താന്‍ മിന്നിനായി. ഫിനിഷിങിലെ പോരായ്മ കൊറിയയെ കൂടുതല്‍ ഗോളുകളില്‍നിന്ന് അകറ്റി. ചെക്ക് കോച്ച് കൗബകും അതേ ഫോര്‍മേഷനില്‍ താല്പര്യപ്പെട്ടു. പാട്രിക് സ്കൂകാണ് ആക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. ഗ്രൂപ്പ് എയില്‍ മെക്സിക്കോയും കൊറിയയും മൂന്ന് പോയിന്റ് നേടി. കൊറിയയുടെ ഗോളടിയിലും ജയത്തിലും ഒരു സവിശേഷത കൂടിയുണ്ട്. ടീം ലോകകപ്പില്‍ ആകെ നേടിയ 15 ഗോളില്‍ ഒന്നൊഴികെ എല്ലാം പിറന്നത് ഒന്നാം പകുതിക്കു ശേഷമാണ്.
ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ മെക്സിക്കോ 2-0 ത്തിനു ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചിരുന്നു. ജൂലിയന്‍ ക്വീനോനസ് ഈ ലോകകപ്പിലെ ആദ്യ ഗോളിന് ഉടമയായി. റൗള്‍ ജിമെനസാണ് മെക്സിക്കോയുടെ രണ്ടാം ഗോളടിച്ചത്. ദക്ഷിണാഫ്രിക്കയുടെ സിഹെഹെലോ സിതോലെ ഈ ലോകകപ്പിലെ ആദ്യ ചുവപ്പ് കാര്‍ഡിന് ഉടമയായി. ദക്ഷിണാഫ്രിക്കയുടെ തെംബ സ്വാനെയും മെക്സിക്കോയുടെ സീസര്‍ മോണ്ടസും ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായി.






