
ടൊറന്റോ: ലോകകപ്പിന് വേദിയൊരുക്കിയ മെക്‌സിക്കോയും അമേരിക്കയും വിജയത്തോടെ തുടങ്ങിയപ്പോള്‍ മൂന്നാമത്തെ ആതിഥേയര്‍ കാനഡയ്ക്ക് ആദ്യ മത്സരത്തില്‍ സമനില. ബോസ്‌നിയയുമായി കാനഡ സമനിലയില്‍ പിരിഞ്ഞെങ്കിലും ലോകകപ്പില്‍ ആദ്യമായി ഒരു പോയിന്റ് നേടി ആതിഥേയര്‍ക്ക് ചരിത്രം കുറിക്കാനായി. ഇരുടീമുകളും ഓരോഗോളടിച്ചാണ് പോയിന്റ് പങ്കുവെച്ചത്.
ആദ്യ പകുതിയുടെ 21-ാം മിനിറ്റില്‍ ലഭിച്ച ഒരു കോര്‍ണറില്‍ നിന്ന് ഫോര്‍വേഡ് ജോവോ ലൂക്കിച്ച് നേടിയ ഗോളിലൂടെ ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനയാണ് മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത്. എന്നാല്‍ മികച്ച നിരവധി അവസരങ്ങള്‍ സൃഷ്ടിച്ച കാനഡ, 78-ാം മിനിറ്റില്‍ സമനില ഗോള്‍ കണ്ടെത്തി. സബ്സ്റ്റിറ്റിയൂട്ടായി മൈതാനത്തിറങ്ങി നിമിഷങ്ങള്‍ക്കകമാണ് സൈല്‍ ലാറിന്‍ കാനഡയ്ക്കായി ഗോള്‍ നേടിയത്.
ഈ സമനിലയോടെ കാനഡ തങ്ങളുടെ ഫിഫ ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റ് സ്വന്തമാക്കി. മത്സരത്തിന് മുന്നോടിയായി ടൊറന്റോയില്‍ നടന്ന തകര്‍പ്പന്‍ ഉദ്ഘാടന ചടങ്ങില്‍ പ്രശസ്ത ഗായിക നോറ ഫത്തേഹി മുഖ്യ ആകര്‍ഷണമായിരുന്നു.






