
ഗുവാഹട്ടി : രാജ്യത്തെ ആനകള്‍ക്കും പ്രിയം പുതുക്കിയ 500,2000 രൂപാ നോട്ടുകളോടോ...? തേയിലത്തോട്ടത്തിലെ കടയില്‍ അതിക്രമിച്ചു കയറിയ ആനക്കൂട്ടം പണപ്പെട്ടി തകര്‍ക്കുകയും ഉള്ളില്‍ ഉണ്ടായിരുന്ന 2000 ന്റെയും 500 ന്റെയും നോട്ടുകളെല്ലാം അകത്താക്കുകയും ചെയ്ത റിപ്പോര്‍ട്ടാണ് അസമില്‍ നിന്നും വരുന്നത്. 2000 മോ 5000 മോ അല്ല ആനകള്‍ ഇത്തരത്തില്‍ അകത്താക്കിയത്. 26,000 രൂപയുടെ നോട്ടുകളാണ്.
സോണിപ്പൂര്‍ ജില്ലയിലെ തരാജുളി തേയിലത്തോട്ടത്തില്‍ ഭക്ഷണം തേടിയെത്തിയ നാല് കാട്ടാനകളാണ് പച്ച നോട്ടുകള്‍ ഭക്ഷണമാക്കി കടയുടമയുടെ നെഞ്ചു തകര്‍ത്തത്.
40,000 ത്തോളം രൂപയാണ് പെട്ടിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍, അതില്‍ ചെറിയ നോട്ടുകളെല്ലാം ബാക്കിവച്ച് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ മാത്രമാണ് ആനകള്‍ ശാപ്പിട്ടത്. പുലര്‍ച്ചെ രണ്ടു മണിയോടെ ആയിരുന്നു ആനകളുടെ ആക്രമണം ഉണ്ടായത്. മുന്‍പും ആനകള്‍ ഇത്തരത്തില്‍ വീടും കടയും തകര്‍ത്തിട്ടുണ്ടെങ്കിലും പണപ്പെട്ടി തകര്‍ക്കുന്നത് ഇതാദ്യമാണ്.






