
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം സജീവമായതോടെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ പ്രവചനം. ഒക്ടോബർ 21 വരെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് (ഒക്ടോബർ 17) അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുള്ള സാഹചര്യത്തിലാണ് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് നൽകുന്നത്.
നാളെ മുതൽ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്
ഒക്ടോബർ 18: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ട്.
ഒക്ടോബർ 19: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ട്.
ഒക്ടോബർ 20: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ മഞ്ഞ അലർട്ട്.
ഒക്ടോബർ 21: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ട്.
ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഒക്ടോബർ 17, 18 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഈ ദിവസങ്ങളിൽ തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് കർശനമായി പാലിക്കണം.







Comments