
റിയാദ്: സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയത് ഒക്ടോബർ 24 വരെ നീട്ടി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് തടസ്സപ്പെട്ടത്. മറ്റു ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് യാത്രാസൗകര്യം ഒരുക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
സുരക്ഷാ കാരണങ്ങളാൽ സൗദിയിലേക്കുള്ള സർവീസുകൾ ഒക്ടോബർ 20 വരെ റദ്ദാക്കിയിരുന്നു. ഹൂതി ആക്രമണത്തെത്തുടർന്ന് റിയാദ് വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടതായും മറ്റു ചില വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതേത്തുടർന്നാണ് സർവീസുകൾ റദ്ദാക്കിയത്.
ഒക്ടോബർ 15-ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് യാത്രാ തീയതി സൗജന്യമായി മാറ്റാം. ഒക്ടോബർ 9 മുതൽ 25 വരെ യാത്ര നിശ്ചയിച്ചവർക്കാണ് ഈ ആനുകൂല്യം. ഇവർക്ക് നവംബർ 10 വരെയുള്ള തീയതികളിലേക്ക് ടിക്കറ്റ് മാറ്റി ബുക്ക് ചെയ്യാം.
ഗൾഫ് മേഖലയിലെ മറ്റു വിമാനത്താവളങ്ങൾ വഴിയും യാത്ര പുനഃക്രമീകരിക്കാം. എയർ ഇന്ത്യ യാത്രക്കാർക്ക് ദുബായ്, ദോഹ വിമാനത്താവളങ്ങൾ വഴിയും എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് അബുദാബി, മസ്കറ്റ്, കുവൈത്ത്, ബഹ്റൈൻ, ഷാർജ വിമാനത്താവളങ്ങൾ വഴിയും യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്. എന്നാൽ, ഈ വിമാനത്താവളങ്ങളിലേക്ക് എത്തുന്നതിനുള്ള യാത്രാസൗകര്യങ്ങളും വിസ നടപടികളും യാത്രക്കാർ സ്വന്തം നിലയിൽ ക്രമീകരിക്കണം.
ടിക്കറ്റ് റദ്ദാക്കുന്നവർക്ക് മുഴുവൻ തുകയും റീഫണ്ടായി ലഭിക്കും. ഇൻഡിഗോ, ആകാശ എയർ എന്നീ വിമാനക്കമ്പനികളും ഒക്ടോബർ 24 വരെയുള്ള ചില സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
വിമാന സർവീസുകൾ മുടങ്ങിയതോടെ നിരവധി ഇന്ത്യക്കാർ സൗദിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഉംറ തീർഥാടകർ ഉൾപ്പെടെ നൂറുകണക്കിന് പേർ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവർക്കായി ട്രാവൽ ഏജൻസികൾ സൗദി എയർലൈൻസിന്റെ പ്രത്യേക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.







Comments