
ന്യൂഡൽഹി: ഉപാധികളോടെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദീപ്കെ, 'വീർ സാറ' എന്ന സിനിമയിലെ ഷാരൂഖ് ഖാന്റെ വയസ്സൻ ലുക്കിലുള്ള ചിത്രം ഉൾപ്പെടുത്തിക്കൊണ്ട് രസകരമായ ഒരു പോസ്റ്റ് പങ്കുവെച്ചു.
"വൈഫൈയും ഫോണുമില്ലാതെ 24 മണിക്കൂർ ജയിലിൽ കിടന്ന ശേഷം പുറത്തിറങ്ങുമ്പോൾ ഉണ്ടാകുന്ന വികാരം," എന്ന് അദ്ദേഹം എക്സിൽ കുറിച്ചു. കണാട്ട് പ്ലേസിൽ സിജെപി നടത്താനിരുന്ന 'തിരംഗ യാത്ര'യുടെ പേരിൽ ഡൽഹി പൊലീസ് വെള്ളിയാഴ്ച കരുതൽ കസ്റ്റഡിയിലെടുത്ത ശേഷം ശനിയാഴ്ചയാണ് അഭിജിത് ദീപ്കെയ്ക്ക് ചില ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ദീപ്കെയ്ക്ക് ജാമ്യം ലഭിച്ചയുടൻ സിജെപിയും എക്സിൽ പഞ്ച് പ്രതികരണം നടത്തി. ദീപ്കെയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് സിജെപിയുടെ നാഷണൽ ഓർഗനൈസേഷൻ ഇൻ-ചാർജ് അജിങ്ക്യ ഷിൻഡെ "പാറ്റകൾ ഒരിക്കലും ചാവില്ല" (Cockroaches never die) എന്ന് കുറിച്ചു.
ശനിയാഴ്ച സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റാണ് ദീപ്കെയ്ക്ക് ജാമ്യം അനുവദിച്ചത്. മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെ മജിസ്ട്രേറ്റിന് മുന്നിലാണ് അദ്ദേഹത്തെ ഹാജരാക്കിയത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷൻ 126 പ്രകാരം ബോണ്ടിൽ ഒപ്പിടാൻ ദീപ്കെയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സാമ്പത്തിക ജാമ്യമായി 50,000 രൂപയുടെ ബോണ്ട് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.
ദീപ്കെയ്ക്ക് കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് വീട്ടിലെത്തി നൽകിയ നോട്ടീസിൽ, പൂർണ്ണ അനുമതിയില്ലാതെ കനോട്ട് പ്ലേസിൽ ഒത്തുകൂടാൻ ആളുകളോട് ആഹ്വാനം ചെയ്തുകൊണ്ട് അദ്ദേഹം നടത്തിയ പരസ്യപ്രസ്താവനകളും സോഷ്യൽ മീഡിയ പോസ്റ്റുകളും പൊലീസ് പരാമർശിച്ചിട്ടുണ്ട്. ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലുള്ള രണ്ട് ഹർജികളുമായി ബന്ധപ്പെട്ടാണ് ഈ നോട്ടീസ് അയച്ചത്.
പ്രവേശനത്തിനും പുറത്തുകടക്കുന്നതിനും പരിമിതമായ വഴികളുള്ള തിരക്കേറിയ വാണിജ്യ കേന്ദ്രമാണ് കണാട്ട് പ്ലേസ് എന്ന് പൊലീസ് വിശേഷിപ്പിച്ചു.നിരവധി കടകളും റസ്റ്റോറന്റുകളും ഹോട്ടലുകളും ബാങ്കുകളും ഓഫീസുകളും പ്രവർത്തിക്കുന്ന പ്രദേശമായതിനാൽ, ഉത്സവ സീസണിലെ വൈകുന്നേരങ്ങളിൽ ഉണ്ടാകുന്ന തടസ്സങ്ങൾ ബിസിനസുകളെ സാരമായി ബാധിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകി. കണാട്ട് പ്ലേസിന്റെ സമാധാനപരമായ പ്രവർത്തനത്തെ ആശ്രയിച്ചാണ് 15 ലക്ഷത്തിലധികം വ്യാപാരികളുടെയും ജീവനക്കാരുടെയും ഉപജീവനമാർഗ്ഗം മുന്നോട്ടുപോകുന്നതെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.







Comments