ചെന്നൈ: താന്‍ ആത്മഹത്യ ചെയ്താല്‍ അമ്മയ്ക്കും സഹോദരിക്കും ആരുമില്ലാതെയാകുമെന്ന ആശങ്കയില്‍ യുവാവ് അമ്മയെയും സഹോദരിയെയും കൊന്നു. അണ്ണാ സര്‍വകലാശാലയില്‍ സ്റ്റെനോഗ്രാഫറായ ഹേമലത ഷണ്മുഖവും മകള്‍ ജയലക്ഷ്മി ഷണ്മുവുമാണ് (22) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഹേമലതയുടെ മകന് ബാലമുരുകന് പിടിയിലായി. ഇരുവരെയും താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റില്‍ കുത്തേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ബാലമുരുകന് തന്നെയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ബാലമുരുകന്റെ പിതാവ് ഒരു വര്‍ഷം മുമ്പുണ്ടായ ഒരു ബൈക്കപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറായ ബാലമുരുകന് പിതാവിന്റെ മരണത്തോടെ ബാലമുരുകന് കടുത്ത വിഷാദത്തിന് അടിമയായിരുന്നു. ഇതേതുടര്‍ന്ന് ഇയാള്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ താന്‍ മരിച്ചാല്‍ അമ്മയ്ക്കും സഹോദരിക്കും ആരുമില്ലെന്ന ചിന്തയാണ് അവരെ ആദ്യം കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ബാലമുരുകന് പോലീസിനോട് പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരം 7.15നാണ് ഹേമലതയെയും മകളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും അന്വേഷിച്ചെത്തിയ അയല്‍വാസിയാണ് കൊലപാതക വിവരം ആദ്യമറിഞ്ഞത്. കതകില്‍ തട്ടിയിട്ടും തുറക്കാതിരുന്നതിനെ തുടര്‍ന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് അമ്മയും മകളും രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. വീട്ടില്‍ അതിക്രമിച്ച് കയറിയതിന്റെ ലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നതില്‍ കൊലപാതകത്തിന് പിന്നില്‍ വീട്ടുകാരുമായി അടുത്ത ബന്ധമുള്ളവരാണെന്ന് പോലീസ് ഉറപ്പിച്ചിരുന്നു.
കൊലപാതകത്തിന് പിന്നാലെ ബാലമുരുകനെ കാണാതായതോടെ ഇയാളെയും പോലീസ് സംശയിച്ചിരുന്നു. ഹേമലതയുടെ മൃതദേഹം ഹാളിലും മകള്‍ ജയലക്ഷ്മിയുടെ മൃതദേഹം കിടപ്പുമുറിയിലുമാണ് കിടന്നിരുന്നത്. ബാത്ത്റൂമില്‍ നിന്നും രക്തം പുരണ്ട കത്തി ലഭിച്ചതായി പോലീസ് അറിയിച്ചു.






