
മുംബൈ: ഓടിക്കൊണ്ടിരിക്കുന്ന ലോക്കൽ ട്രെയിനിൽ വാതിൽ അടയ്ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. മുംബൈ സബർബൻ റെയിൽവേ ശൃംഖലയിലെ ഫസ്റ്റ് ക്ലാസ് കംപാർട്ട്മെന്റിലാണ് ദാരുണമായ സംഭവം നടന്നത്. വിരാർ സ്വദേശിയും അന്ധേരിയിലെ സ്വകാര്യ കമ്പനിയിൽ സെയിൽസ്മാനുമായ മായങ്ക് ലോഹാർ (22) ആണ് കൊല്ലപ്പെട്ടത്.
കനത്ത മഴയെ തുടർന്ന് ട്രെയിനിന്റെ വാതിൽ അടയ്ക്കാൻ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. തിങ്കളാഴ്ച രാത്രി 10 മണിയോടെ ചർച്ച്ഗേറ്റിൽ നിന്നും നല്ലാസോപാരയിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് ലോക്കൽ ട്രെയിനിലാണ് സംഭവം. കനത്ത മഴ പെയ്തതിനെ തുടർന്ന് മായങ്ക് സഹയാത്രക്കാരനോട് വാതിൽ അടയ്ക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടാവുകയും, മറ്റ് ചില യാത്രക്കാർ ഇടപെട്ട് പ്രതിയെ തല്ലുകയും ചെയ്തു. ഇതിൽ പ്രകോപിതനായ പ്രതി തന്റെ ബാഗിൽ നിന്ന് കത്തി എടുത്ത് മായങ്കിന്റെ വയറ്റിൽ കുത്തുകയായിരുന്നു.
അന്ധേരിക്കും ബോറിവലിക്കും ഇടയിൽ വെച്ചായിരുന്നു ആക്രമണം. ട്രെയിൻ ബോറിവലി സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിന് സമീപം എത്താറായപ്പോൾ പ്രതി ഓടുന്ന വണ്ടിയിൽ നിന്ന് ചാടി രക്ഷപെട്ടു. ഗുരുതരമായി പരിക്കേറ്റ മായങ്കിനെ ഉടൻ തന്നെ ശതാബ്ദി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിക്കായി റെയിൽവേ പോലീസ് ആറ് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.






