ന്യൂഡല്‍ഹി: തനിക്കെതിരായ സുപ്രീം കോടതി ഉത്തരവ് തള്ളി വിവാദ ജഡ്ജി സി. എസ്. കര്ണന്. തുടര്‍ച്ചയായ കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി മാനസീകനില പരിശോധിക്കാന്‍ കഴിഞ്ഞദിവസമാണ് സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍ ഇപ്പോള്‍ ഈ വിധിക്കെതിരെ തന്നൊണ് അദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്.
തന്റെ മാനസീക നില പരിശോധിക്കാന്‍ സുപ്രീം കോടതി ആരാണെന്നും താന്‍ ഒരു തരത്തിലുള്ള പരിശോധനയ്ക്കും തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ കേസ് പരിഗണിച്ച ഏഴ് ജഡ്ജിമാരും അഴിമതിക്കാരാണെന്നു അദ്ദേഹം ആരോപിച്ചു.
തന്റെ അനുവാദമില്ലാതെ ഡിജിപി ഉത്തരവ് നടപ്പിലാക്കുവാന്‍ ശ്രമിച്ചാല്‍ അദ്ദേഹത്തിനെതിരെ താന്‍ നടപടിക്ക് ഉത്തരവിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കര്‍ണനെ പിന്തുണച്ച് നിരവധി ആളുകള്‍ രംഗത്തു വന്നുതുടങ്ങി. അദ്ദേഹത്തിന്റെ സമ്മതമില്ലാതെ വൈദ്യപരിശോധന നടത്താന്‍ സാധിക്കില്ലെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നിയമവിദഗ്ദ്ധര്‍ അടക്കമുള്ളവര്‍ നവമാധ്യമങ്ങളിലൂടെ കര്‍ണനെ അനുകൂലിച്ച് രംഗത്തുവന്നിട്ടുണ്ട്.
അതേസമയം, സുപ്രീം കോടതിയിലെ ഏഴ് ജഡ്ജിമാരുടെ മാനസീകനില പരിശോധിക്കാന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ഡല്‍ഹി എയിംസിന് മുന്നില്‍ ഹാജരാക്കുവാനുമാണ് അദ്ദേഹം ഉത്തരവിട്ടിരിക്കുന്നത്. ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ജസ്റ്റീസ് കര്ണന് നിലവില്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിട്ടുവരികയാണ്. മെയ് ഒന്നിന് മുന്‍പ് സുപ്രീം കോടതി ജഡ്ജിമാര്‍ തന്റെ വസതിയില്‍ ഹാജരാകണമെന്ന് ഉത്തരവിട്ടിരുന്നു.






