ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരത് പ്രകാരം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇന്‍ഡോര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഗോണ്ടയാണ് ഏറ്റവും വൃത്തിഹീനമായ നഗരം. കേന്ദ്ര നഗര വികസന മന്ത്രാലയമാണ് സര്‍വേ നടത്തി പട്ടിക പ്രസിദ്ധീകരിച്ചത്. 434 നഗരങ്ങളെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്ത് ആയിരുന്ന മൈസൂരിനെ പിന്തള്ളിയാണ് ഇന്‍ഡോര്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.
മധ്യപ്രദേശിലെ തന്നെ ഭോപ്പാലാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. മൈസൂര്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വിശാഖപട്ടണം മൂന്നാം സ്ഥാനത്തും ഗുജറാത്തിലെ സൂററ്റ് നാലാം സ്ഥാനത്തുണ്ട്. ഡല്‍ഹി കന്റോണ്‍മെന്റ് 172-ാം സ്ഥാനത്താണ്. ഡല്‍ഹി ഈസ്റ്റ്, സൗത്ത്, നോര്‍ത്ത് മുനിസിപ്പല്‍ കോര്പ്പറേഷന് മേഖലകള്‍ യഥാക്രമം 196, 202, 279 സ്ഥാനങ്ങളിലാണ്. രാജ്യതലസ്ഥാനത്തെ ഫരീദാബാദ് മാത്രമാണ് ആദ്യ നൂറില്‍ ഇടംപിടിച്ചത്. ഫരീദാബാദ് 88-ാം സ്ഥാനത്തുണ്ട്.
ഗുഡ്ഗാവ് 112-ാം സ്ഥാനത്തുണ്ട്. ഗാസിയാബാദ് 351-ാം സ്ഥാനത്താണ്. യു.പിയില്‍ നിന്ന് സര്‍വേയില്‍ ഉള്‍പ്പെട്ട 62 നഗരങ്ങളില്‍ 50 നഗരങ്ങളും മൂന്നൂറിന് താഴെയാണ്. പ്രധാനമന്ത്രിയുടെ മണ്ഡലം ഉള്‍പ്പെടുന്ന വാരണാസി 32-ാം സ്ഥാനത്തുണ്ട്. 2014ല്‍ 478 നഗരങ്ങളുടെ പട്ടികയില്‍ 418-ാം സ്ഥാനത്തായിരുന്നു വാരണാസി.
പട്ടികയില്‍ അവസാന സ്ഥാനത്ത് വന്ന ഗോണ്ട യു.പി നഗരമാണ്. 434-ാമതാണ് ഗോണ്ടയുടെ സ്ഥാനം. മഹാരാഷ്ട്രയിലെ ബുശ്വാല്, ബീഹാറിലെ ഭാഗ, യു.പിയിലെ ഹര്‍ദോയി, ബീഹാറിലെ കത്ത്യാര്‍ തുടങ്ങിയ നഗരങ്ങളാണ് ഏറ്റവും വൃത്തിഹീനമായത്. മാലിന്യസംസ്കരണം, ശുചിമുറി നിര്‍മ്മാണം തുടങ്ങി അഞ്ച് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് വൃത്തിയുള്ള നഗരങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്.






