
തിരുവനന്തപുരം: ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രന്റെ വീടിരിക്കുന്നത് വ്യാജപട്ടയ ഭൂമിയിലാണെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്. നിയമസഭയില്‍ നല്കിയ മറുപടിയിലാണ് റവന്യൂമന്ത്രി ഇക്കാര്യമറിയിച്ചത്. മൂന്നാറില്‍ രാജേന്ദ്രന്റെ കൈവശമുള്ളത് വ്യാജപട്ടയമാണെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയാണ് കണ്ടെത്തിയതെന്ന് പി.സി ജോര്‍ജിന്റെ ചോദ്യത്തിന് റവന്യൂമന്ത്രി രേഖാമൂലം നല്കിയ മറുപടിയില്‍ പറയുന്നു.
പട്ടയ ഭൂമിയായി തിരുത്തല്‍ ആവശ്യപ്പെട്ട് രാജേന്ദ്രന് രണ്ടു തവണ അപേക്ഷ നല്‍കിയിരുന്നു. ഇത് ഇടുക്കി ജില്ലാ കലക്ടര്‍, ലാന്‍ഡ് റവന്യൂ കമ്മീഷന് എന്നിവര്‍ രണ്ടു തവണയും തള്ളിയതാണെന്നും റവന്യൂമന്ത്രി അറിയിച്ചു.
മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച യോഗം നാളെ ചേരാനിരിക്കേയാണ് റവന്യൂമന്ത്രിയുടെ വെളിപ്പെടുത്തല്‍. മൂന്നാറിലെ ചെറുകിട, വന്‍കിട കയ്യേറ്റക്കാരുടെ പട്ടിക റവന്യുവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.






