
കുന്നംകുളം: ഓണ്‍ലൈന്‍ വഴിയുള്ള തട്ടിപ്പുകള്‍ വീണ്ടും സജീവമാകുന്നു. ഓണ്‍ലൈന്‍ വഴി സ്മാര്‍ട്ട്ഫോണ്‍ ആവശ്യപ്പെട്ടയാള്‍ക്ക് കിട്ടിയത് ബെല്‍റ്റും പേഴ്സും. ഒറ്റപ്പിലാവ് വെള്ളാംരംകുന്ന പ്രഭാകരന്റെ മകന് മഹേഷാണ് തട്ടിപ്പിനിരയായത്. നെറ്റ് കോളിലെ ഓഫര്‍ എത്തിയപ്പോള്‍ ആണ് മഹേഷ് ഒരു മാസം മുമ്പ് ഫോണ്‍ ബുക്ക് ചെയ്യുന്നത്. 14,000 രൂപയായിരുന്നു ഫോണിന്റെ വില. എന്നാല്‍ 80 ശതമാനം വിലക്കിഴില് തരാമെന്നായിരുന്ന ഓഫര്‍. തപാല്‍ വഴി പാഴ്സല്‍ എത്തുമ്പോള്‍ പണം നല്‍കാനും ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം പാഴ്സല്‍ എത്തിയെന്ന് അറിയിച്ചുകൊണ്ടുള്ള വിവരം ലഭിച്ചു. തപാല്‍ ഓഫീസില്‍ എത്തി 3,500 രൂപ അടച്ച് തപാല്‍ സ്വീകരിച്ചു. വീട്ടിലെത്തി തുറന്നു നോക്കിയപ്പോഴാണ് പെട്ടിക്കുള്ളില്‍ ഭംഗിയായി പെതിഞ്ഞ് ബെല്‍റ്റും പേഴ്സും വെച്ചിരിക്കുന്നത് കണ്ടത്. തിരിച്ചുച്ചെന്ന് തപാല്‍ ഓസിസില്‍ ഉണ്ടായിരുന്ന ജീവനക്കാരോട് പറഞ്ഞിട്ടും രക്ഷ ഉണ്ടായില്ല.
കുന്നംകുളം പോലീസ് സ്റ്റേഷനില്‍ എത്തി പോലീസില്‍ പരാതി നല്കി. പാഴ്സലിനൊപ്പം ഉണ്ടായിരുന്ന നമ്പറിലേക്ക് പോലീസ് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് എന്നായിരുന്നു മറുപടി. വന്‍ ഓഫറുകള്‍ നല്‍കിയുള്ള തട്ടിപ്പുകള്‍ സജീവമാണെന്ന് പോലീസ് പറഞ്ഞു.






